ചേരി മാറ്റി മുന്നണി വികസിപ്പിക്കല്‍ അജന്‍ഡയിലില്ല: പിണറായി

single-img
12 February 2012

യുഡിഎഫ് ഘടകകക്ഷികളില്‍ ഏതിനെയെങ്കിലും ചേരിമാറ്റി മുന്നണി വികസിപ്പിക്കുക എന്ന അജന്‍ഡ എല്‍ഡിഎഫിന് ഇപ്പോഴില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൂട്ടായ ചര്‍ച്ചയും തീരുമാനവും എടുക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നിരിക്കെ മറുചേരിയിലുള്ള ചില കക്ഷികളെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആഗ്രഹപ്രകടനം സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ നടത്തിയതായി കാണുന്നു. എല്‍ഡിഎഫില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ചില കക്ഷികളെയും ഗ്രൂപ്പുകളെയും യുഡിഎഫില്‍ നിന്ന് തിരിച്ചുകൊണ്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ലെന്നു പിണരായി പറഞ്ഞു.

സംസാരഭാഷയെപ്പറ്റി ചന്ദ്രപ്പന്‍ ഞങ്ങളെ ഓര്‍മപ്പെടുത്തിയതായി കാണുന്നു. അതു നല്ലതാണ്. പക്ഷേ, സംസാരഭാഷയ്‌ക്കൊപ്പം രാഷ്ട്രീയ നയഭാഷയും നന്നാകണം. എല്‍ഡിഎഫിന് പ്രഖ്യാപിതമായ ഒരു രാഷ്ട്രീയ നയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെയും ബിജെപിയെയും ഒറ്റപ്പെടുത്തുക എന്നതാണ് ആ നയം. മുന്നണിയുടെ പൊതുവായ ഈ നയത്തിനു ദോഷകരമായ വാക്കും പ്രവൃത്തിയും ഒരുഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ആഗ്രഹമാണ് ഞങ്ങള്‍ക്ക്. ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടണമെന്നും ഇടതുപക്ഷ ഐക്യം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ആവശ്യമാണെന്നുമുള്ള രാഷ്ട്രീയമാണു സിപിഎമ്മിനെ നയിക്കുന്നത്.

സിപിഎം സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നതാണെന്ന സംസാരം ആര് നടത്തിയാലും അത് ഒട്ടും മാന്യതയുള്ളതല്ല. അതിനെ അല്പത്തമെന്നലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല: പിണറായി പറഞ്ഞു. വിലകുറഞ്ഞ അഭിപ്രായപ്രകടനം ആരു നടത്തിയാലും കടുത്ത ഭാഷയില്‍തന്നെ അതിനോടു പ്രതികരിക്കുമെന്നു പിണറായി പറഞ്ഞു.