മാധ്യമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി പിണറായി വിജയന്‍

മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍. സിപിഎം സമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. സമ്മേളനവേദിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞത്. നമ്മുടെ നാട്ടില്‍ മുന്‍പ് കണ്ടിരുന്ന മാധ്യമസിന്‍ഡിക്കേറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടുവരികയാണെന്നും പിണറായി പറഞ്ഞു.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയെന്ന ചില മാധ്യമങ്ങളുടെ അവകാശവാദം ശരിയല്ലെന്ന് പിണറായി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയെന്ന് അവകാശപ്പെടുന്നവര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലും മനുഷ്യരാണുള്ളത്. പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില പോരായ്മകള്‍ സംഭവിച്ചേക്കാം. ആ നിലയ്ക്കുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിലെ ഒരു ഭാഗം പിബിക്ക് വിട്ടുവെന്ന വാര്‍ത്തയും തെറ്റായിരുന്നുവെന്ന് പിണറായി ചൂണ്ടിക്കാട്ടി.
കാര്യങ്ങള്‍ മനസിലാക്കാതെയുളള ചില വിലയിരുത്തല്‍ മാധ്യമങ്ങള്‍ നടത്തിയത്. വിമര്‍ശനവും കള്ളവും ഒന്നല്ല. സിപിഎമ്മിനെതിരേ ബോധപൂര്‍വ്വം കള്ളം പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങള്‍. അത് ശരിയല്ലെന്നും ഈ രീതി ശരിയാണോയെന്ന് മാധ്യമങ്ങള്‍ സ്വയംവിമര്‍ശനാത്മകമായ പരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതാക്കള്‍ക്ക് മുന്നില്‍ രാജിസന്നദ്ധത അറിയിച്ചതായ വാര്‍ത്തയും പിണറായി നിഷേധിച്ചു. അത്തരമൊരു കാര്യം ഉണ്ടായിട്ടില്ല. വി.എസ് മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് കേന്ദ്രനേതാക്കളെ കാണാന്‍ പോയിട്ടുണ്ടാകുമെന്നും വി.എസ് സംഘടനയ്ക്ക് പ്രധാനപ്പെട്ട നേതാവാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ ഐക്യം നമ്മുടെ സംസ്ഥാനത്തായാലും രാജ്യത്തായാലും വളരെ പ്രധാന്യത്തോടെയാണ് സിപിഎം കാണുന്നത്. നല്ല രീതിയില്‍ ഈ ഐക്യം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന നിലപാടുകളാണ് സിപിഎം സ്വീകരിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചതായും പിണറായി പറഞ്ഞു. ഇന്നത്തെ നിയമസഭയുടെ സ്ഥിതി വച്ച് അംഗങ്ങളെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്നും ഈ നിലപാടില്‍ മാറ്റമില്ലെന്നും പിണറായി പറഞ്ഞു.