സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു പതാക ഉയരും

single-img
5 February 2012

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു പതാക ഉയരും. പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ഇന്നു വൈകുന്നേരം നാലിനു ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ എത്തും. തുടര്‍ന്ന് ആറുമണിയോടെ പതാക ഉയരുമെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

നാളെ രാവിലെ പത്തിനു നട ക്കുന്ന സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എകെജി ഹാളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ. വരദരാജന്‍, വൃന്ദകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

കയ്യൂരില്‍ നിന്നാരംഭിച്ച, കേന്ദ്ര കമ്മിറ്റിയംഗം ഇ. പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന പതാക ജാഥയ്ക്ക് ഇന്നു രാവിലെ 11ന് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയില്‍ സ്വീകരണം നല്‍കും. വയലാറില്‍നിന്ന് എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള കൊടിമരജാഥയെ ഉച്ചയ്ക്ക് 12നു കടമ്പാട്ടുകോണത്തു സ്വീകരിക്കും. കാട്ടായിക്കോണം വി. ശ്രീധരന്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ജാഥയും ഉച്ചയ്ക്കുശേഷം കേശവദാസപുരത്ത് എത്തും. മൂന്നു ജാഥകളും കേശവദാസപുരത്തു സംഗമിച്ചശേഷം പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്കു നീങ്ങും.

സ്വാഗതസംഘം ചെയര്‍മാന്‍ എം. വിജയകുമാര്‍ ആറുമണിക്കു പതാക ഉയര്‍ത്തും. റെഡ് വോളണ്ടിയര്‍മാര്‍ പതാകയെ സ്വാഗതം ചെയ്യും. നാളെ രാവിലെ 9.30നു ദീപശിഖകളില്‍ നിന്നു പകരുന്ന ജാഥയുമായി പ്രതിനിധി സമ്മേളന നഗരിയിലേക്കു ദീപശിഖ കൊണ്ടുപോകും. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണു പ്രതിനിധികള്‍ ഉദ്ഘാടന സമ്മേളനത്തിന് എത്തുന്നതെന്നും അദ്ദേ ഹം പറഞ്ഞു.