കേരളാപോലീസിലെ സംഘടനകള്‍ക്കു നിയന്ത്രണം

single-img
1 February 2012

പോലീസ് സേനയിലെ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിനും രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിനുമാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിധത്തിലുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ ആഭ്യന്തരമന്ത്രാലയം തയാറെടുക്കുന്നത്.

പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി സര്‍ക്കുലര്‍ ഇറക്കാനാണു ഡിജിപി ജേക്കബ് പുന്നൂസിനോടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ മാത്രമേ ഇനി മുതല്‍ പോലീസ് സംഘടനകളുടെ സമ്മേളനങ്ങളും പോസ്റ്ററുകളും ബാനറുകളും പതിക്കാന്‍ കഴിയുകയുള്ളു. കണ്ണൂര്‍ പോസ്റ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു പോലീസ് അസോസിയേഷനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കു നിയന്ത്രണത്തിനു വിധേയമായിട്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നു മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. പോലീസ് അസോസിയേഷനു കൂട്ടായ്മ എന്ന നിലയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. അച്ചടക്കമുള്ള സേനാവിഭാഗം എന്ന നിലയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടു കൂറോ രാഷ്ട്രീയ നേതാക്കളുടെ ചിത്രം ഉപയോഗിച്ചുള്ള പ്രവര്‍ത്തനമോ പാടില്ലെന്നു പോലീസ് ചട്ടത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലും പശ്ചിമബംഗാളിലും മാത്രമാണു പോലീസുകാര്‍ക്കു സംഘടന നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊന്നും സംഘടനാ പ്രവര്‍ത്തനം അനുവദിച്ചിട്ടില്ല. എഎസ്‌ഐക്കു താഴെയുള്ളവര്‍ക്കായി പോലീസ് അസോസിയേഷനും എഎസ്‌ഐ, എസ്‌ഐ, സിഐ വിഭാഗത്തിലുള്ളവര്‍ക്കായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഡിവൈഎസ്പി, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കായി കേരള പോലീസ് സര്‍വീസ് അസോസിയേഷനും നിലവിലുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു മറ്റൊരു സംഘടനയുമാണ് ഇവിടെ നിലവിലുള്ളത്.