സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി

single-img
5 January 2012

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വേണുഗോപാല്‍. കെ. നായരെ വിജിലന്‍സ് ഡയറക്ടറായും ടി.പി. സെന്‍കുമാറിനെ ഇന്റലിജന്‍സ് മേധാവിയായും നിയമിക്കും. പോലീസ് ആസ്ഥാനത്ത് ഭരണവിഭാഗം ചുമതലയുളള ഉദ്യോഗസ്ഥനായിരുന്നു വേണുഗോപാല്‍.കെ. നായര്‍. ഡെസ്മണ്ട് നെറ്റോ വിരമിച്ച ശേഷം വിജിലന്‍സ് മേധാവി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരെയാണ് പുനര്‍വിന്യസിച്ചിരിക്കുന്നത്.

എ. ഹേമചന്ദ്രനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റിക്കൊണ്ടാണ് ഈ ചുമതല വഹിച്ചിരുന്ന ടി.പി. സെന്‍കുമാറിനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന മനോജ് ഏബ്രഹാമിനെ പോലീസ് ആസ്ഥാനത്ത് ഐജിയായി നിയമിക്കും. എറണാകുളം റേഞ്ച് ഐജിയായ ആര്‍. ശ്രീലേഖയ്ക്ക് സായുധ പോലീസ് പരിശീലന വിഭാഗത്തിന്റെ ചുമതലയുള്ള എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി. ഐജി ബി. സന്ധ്യ ക്രൈംബ്രാഞ്ച് ഐജിയാകും. കൊല്ലം കമ്മീഷണറായിരുന്ന ടി. ജെ. ജോസ് തിരുവനന്തപുരം കമ്മീഷണറാകും.

തൃശൂര്‍ റേഞ്ച് ഐജിയായി എസ്. ഗോപിനാഥിനെയും എറണാകുളം റേഞ്ച് ഐജിയായി കെ. പത്മകുമാറിനെയും മഹേഷ്‌കുമാര്‍ സിംഗ്ലയെ ദക്ഷിണമേഖലാ എഡിജിപിയായും മാറ്റി നിയമിച്ചു. ഷേക്ക് ദര്‍ബേഷ് സാഹിബാണ് തിരുവനന്തപുരം റേഞ്ച് ഐജിയായി എത്തുക. ഹര്‍ഷിത അട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്ത് എഐജിയാക്കിയിട്ടുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ഗോപേഷ് അഗര്‍വാളിനെയും ഇന്റലിജന്‍സ് വിഭാഗം ഡിഐജിയായി ടി. വിക്രമിനെയും നിയമിക്കും.

രാജ്പാല്‍ മീണയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്. കെ.സി. ബാലചന്ദ്രന്‍ (കൊല്ലം റൂറല്‍), പിഎച്ച് അഷ്‌റഫ് (തൃശൂര്‍ റൂറല്‍), ടി.കെ. രാജ്‌മോഹന്‍ (കോഴിക്കോട് റൂറല്‍) കെ.പി. ഫിലിപ്പ് (എറണാകുളം റൂറല്‍), എ.ജെ. തോമസുകുട്ടി (തിരുവനന്തപുരം റൂറല്‍) എന്നിവരാണ് പുതിയ റൂറല്‍ എസ്പിമാര്‍. വയനാട് എസ്പിയായി എ.വി. ജോര്‍ജ് ചുമതലയേല്‍ക്കും.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇത്ര വിപുലമായ പൊളിച്ചെഴുത്ത് പോലീസ് തലപ്പത്ത് നടത്തുന്നത്.