വി.എസിനെതിരായ പരാമര്‍ശം; സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

single-img
27 October 2011

തിരുവനന്തപുരം: വി.എസിനെതിരേ മന്ത്രി ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. രാവിലെ നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഖേദപ്രകടനം. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്നും പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി ഗണേഷിനോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്താന്‍ ഗണേഷ് തയാറായിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലം ഇതിന് സാധിച്ചില്ല. ഇതുപോലൊരു പ്രസംഗം നടത്തിയതിന്റെ പേരിലാണ് ആര്‍. ബാലകൃഷ്ണപിള്ളയെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്നും അത്തരമൊരു നടപടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്‌ടോയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തി. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് മാത്രമേ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാനാകൂവെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ഗണേഷിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചെങ്കിലും ഇതില്‍ തൃപ്തരാവാത്ത പ്രതിപക്ഷം ഗണേഷിനെ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബഹളം വെച്ചതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള ആരംഭിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും സഭാനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയുമായിരുന്നു.