അഫ്ഗാന്‍ അതിര്‍ത്തില്‍ പാക് സേനാ വിന്യാസം

single-img
18 October 2011

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. സൈനിക, അര്‍ധസൈനിക വിഭാഗത്തില്‍ നിന്നുമാണ് സേനാ വിന്യാസം നടത്തിയിരിക്കുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനു തടയിടാനാണ് പാക് നീക്കം. അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ ആക്രമണങ്ങളെ ചെറുക്കുകയും നുഴഞ്ഞുകയറ്റത്തിനു അറുതിവരുത്തുകയുമാണ് പാക് സൈന്യത്തിന്റെ ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ അക്തര്‍ അബ്ബാസ് അറിയിച്ചു.

കഴിഞ്ഞ നാലു മാസത്തിനിടെ പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കുറഞ്ഞതു നൂറു സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്‌ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകള്‍ തീവ്രവാദികളുടെ സ്വര്‍ഗമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞമാസം ചിത്രല്‍ മേഖലയില്‍ 37 സുരക്ഷാഭടന്മാരെയാണ് തീവ്രവാദികള്‍ വധിച്ചത്. ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ ദിര്‍ ജില്ലയാണ് തീവ്രവാദികളുടെ ആക്രമണത്തിനു ഏറ്റവും കൂടുതല്‍ ഇരയാവുന്നത്.