ആറന്മുള വിശേഷങ്ങള്‍

single-img
13 September 2011

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. തലയെടുപ്പോശട പള്ളിയോടങ്ങള്‍ കുതിച്ചുചായുന്ന ഉത്തൃട്ടാതി വള്ളംകളിയും നൂറ്റിയൊന്നു കറികളുടെ നവരസങ്ങളുമായി വള്ളസദ്യയും ഇന്നും അത്ഭുതമായി സ്വദേശിയര്‍ക്കും വിദേശിയര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്ന ആറന്മുളക്കണ്ണാടിയും ഈ ആറന്മുളയ്ക്കുമാത്രം സ്വന്തം. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഒരു നാമമായി മാറിക്കഴിഞ്ഞ ആറന്മുളയ്ക്ക് പ്രത്യേകതകള്‍ ഏറേ.

ചെങ്ങനൂരില്‍ നിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ കിഴക്കായി പമ്പ നദിയുടെ തെക്കേ കരയിലെ മനോഹരമായ ഒരു ചെറു കുന്നില്‍ മുകളിലാണ് തിരുവാറമ്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, കിഴക്കോട്ടാണ് ദര്‍ശനം. മഹാഭാരത യുദ്ധാരംഭത്തില്‍ അര്‍ജുനനെ കാണിച്ച വിശ്വ രൂപ സങ്കല്‍പ്പത്തിലാണ് ആറടി പൊക്കമുള്ള പ്രതിഷ്ഠ. ഉപദേവനായി ജേഷ്ടന്‍ ബലഭദ്രനും ഉണ്ട്, ശരിക്കും ചേട്ടനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും എന്നും അനുജന്റെ നിഴലായി നില്‍ക്കാനാഗ്രഹിക്കുന്ന രാമന്‍ ഉപദേവനായി മാറിയിരുന്നു കൊടുത്തു.

ഐതീഹ്യം

ആറു മുളകള്‍ കെട്ടിയ ചെങ്ങാടത്തില്‍ നിലയ്ക്കലില്‍ നിന്ന് ഭഗവാന്‍ കൃഷ്ണന്‍ ആറമ്മുളയില്‍ എത്തി ജേഷ്ടന്‍ ബലഭദ്രന്റെ അടുത്തു വന്നുവെന്ന് ഐതീഹ്യം, പണ്ട് ജനവാസ കേന്ദ്രമായിരുന്ന നിലയ്ക്കല്‍ ഏതോ പ്രകൃതിക്ഷോഭത്തില്‍ നശിച്ചുപോയി എന്നും അവിടെയുണ്ടായിരുന്ന ജനസഞ്ചയത്തിന്റെ പരദേവത വിഗ്രഹം ആറു മുളകള്‍ കെട്ടിയ ചെങ്ങടത്തില്‍ പമ്പ നദിയില്‍ ഒഴുക്കി വിട്ടുവെന്നും അത് ആറമ്മുളയില്‍ കരയ്ക്കടിഞ്ഞുവെന്നും ന്യായമായി വിശ്വസിക്കാം. മഹാ വിഷ്ണു ആറമ്മുളയില്‍ വച്ച് ബ്രഹ്മാവിനും വേദവ്യാസനും ദര്‍ശനം കൊടുത്തുവെന്നു പഴയ സംസ്‌കൃത ഗ്രന്ഥങ്ങളിലും മത്സ്യ പുരാണത്തില്‍ വേദങ്ങള്‍ തട്ടിയെടുത്ത മധു കൈഭാവന്മാരെ വധിച്ചത് ഇവിടെവച്ചാണേന്നും പറയപ്പെടുന്നു. എന്തായാലും പമ്പ നദിയിലെ മത്സ്യങ്ങള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ചു കൊടുത്തിണ്ട് തിരുമക്കള്‍ എന്നാണ് വിളിക്കുന്നത്.

വേറൊരു ഐതീഹ്യം പഞ്ച പാണ്ഡവന്മാര്‍ വാനപ്രസ്ഥകാലത്ത് ചെങ്ങനൂരും സമീപ പ്രദേശങ്ങളിലുമായി താമസിച്ചുവെന്നും അവര്‍ ഓരോ അമ്പലങ്ങള്‍ പണിതുവെന്നതാണ്. പാണ്ഡവന്മാരായ യുധിഷ്ടിരന്‍ ഭീമന്‍ അര്‍ജുനന്‍ നകുലന്‍ സഹദേവന്‍ എന്നിവര്‍ യഥാക്രമം തൃച്ചിറ്റാറ്റ് തൃപ്പുലിയൂര്‍ തിരുവാറമ്മുള തിരുമുണ്ടൂര്‍ തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ ഭഗവാന്‍ കൃഷ്ണനെ പ്രതിഷ്ഠ നടത്തി ആരാധിച്ചിരുന്നു എന്നുമാണ് ആ ഐതീഹ്യം.

നമാഴ്വാര്‍ കൃതികളില്‍ തിരുവാറമ്മുളയെ കുറിച്ച് പറയുന്നത് തിരുവാരന്‍വിളയ് എന്നും ദേവനെ തിരുകുറളപ്പന്‍ എന്നും തൊട്ടടുത്തുള്ള പുന്നം തോട് ക്ഷേത്രത്തിലെ ദേവിയെ പത്മാസനേ നാച്ചിയാര്‍ എന്നുമാണ്.

ക്ഷേത്രത്തിനു നാല് നടകളും അലങ്കാര ഗോപുരങ്ങളും ഉണ്ട്. റോഡ് മാര്‍ഗം വന്നു പന്ത്രണ്ട് പടികള്‍ കയറി കിഴക്കേ നട വഴി അമ്പലത്തില്‍ പ്രവേശിക്കാം, വടക്കേ നടയില്‍ നിന്ന് അമ്പത്താറു പടികള്‍ ഇറങ്ങി ചെന്നാല്‍ മല്ലപുഴശ്ശേരി കടവിലെത്തും അവിടെയാണ് ലോക പ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. മകര സങ്ക്രമത്തില്‍ കലിയുഗവരദനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം ക്ഷേത്രത്തില്‍ സൂക്ഷിക്കുന്ന പോലെ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി ആറമ്മുളയിലാണ് സൂക്ഷിക്കുന്നതു. തിരുവതാംകൂര്‍ !മഹാരാജാവ് നടയ്ക്കു വച്ചതാണ് തങ്കഅങ്കി. ദേവന്‍ ആറമ്മുള തൊട്ടു മുപ്പതിഒമ്പതു ഗ്രാമങ്ങളുടെ അധിപനാണെന്ന് വിശ്വസിക്കുന്നു.

ആറമ്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടു ഒരുപാടൊരുപാട് കഥകള്‍ പ്രചാരത്തിലുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് അമ്പലത്തില്‍ വച്ച് സദ്യ കൊടുക്കുന്നതിനെ ആറമ്മുളയൂട്ട് എന്ന് പറയും സന്താന ലബ്ധിക്കും കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങല്‍ക്കുമാണ് ഈ വഴിപാട്. ധനുമാസത്തില്‍ നാട്ടിലെ കുട്ടികളെല്ലാം കവുങ്ങിന്‍ തണുങ്ങുകള്‍ ശേഖരിച്ച് മകരം ഒന്നിന് ക്ഷേത്ര മുറ്റത്തിട്ടു തീ കൊളുത്തും, ഖാണ്ഡവ ദഹനത്തിന്റെ അനുസ്മരണമാണത്രേ ഈ ചടങ്ങ്. തിരുമക്കള്‍ക്ക് തേങ്ങ ചിരവിയതും അരിയും കൊടുക്കുന്ന വഴിപാട് സ്ത്രീകള്‍ക്ക് പ്രസവശേഷമ്മുള രോഗ ശാന്തിക്കും മുലപ്പാല്‍ വര്‍ദ്ധനയ്ക്കുമാണ്, മഞ്ചാടി കുരു നടയില്‍ കൂട്ടുന്നതും ഇതോടൊപ്പം ചെയ്താല്‍ നന്നായിരിക്കും. ക്ഷേത്രത്തിനു സ്വന്തമായി വളരെയധികം നിലമുണ്ടായിരുന്നു ഓണത്തിനു മുന്‍പ് കൊയ്ത്ത് നെല്ല് അമ്പലത്തില്‍ കൊണ്ടുവരും അപ്പോള്‍ വരുന്ന പാവങ്ങള്‍ക്കെല്ലാം നെല്ല് കൊടുക്കുമായിരുന്നു. ഒരിയ്ക്കല്‍ വന്ന ഒരു വയസായ സ്ത്രീയെ നെല്ല് കൊടുക്കുന്നവര്‍ കണ്ടില്ല, അവശയായ ആ വൃദ്ധ രാത്രി മുഴുവന്‍ അമ്പലത്തിനു മുന്‍പില്‍ കിടന്നു, രവിലെയായപ്പോഴേക്കും അവര്‍ മരണപ്പെട്ടു, ആ ശാപം മാറ്റാന്‍ അന്ന് മുതല്‍ കരയിലെ മുതിര്‍ന്ന ആണുങ്ങള്‍ തിരുവോണത്തിന് അമ്പലത്തില്‍ ഉപവാസമിരിന്നു തുടങ്ങി.

തിരുവോണതോണി

ആറമ്മുളയ്ക്കടുത്ത് കാട്ടൂരില്‍ മാങ്ങാട്ട് എന്ന ഒരു ഇല്ലം ഉണ്ടായിരുന്നു ഒരു തവണ കാലുകഴിച്ചൂട്ടിനു ആരും വരാതിരുന്നപ്പോള്‍ അച്ഛന്‍ തിരുമേനി ആറമ്മുളയപ്പനെ മനനോന്തു പ്രാര്‍ഥിച്ചു, ഉടന്‍ തന്നെ ഒരു ബാലന്‍ വരികയും പാരണ നടത്തുകയും ചെയ്തു. അന്നേ ദിവസം രാത്രി തിരുമേനിയ്ക്ക് സ്വപ്ന ദര്‍ശനമുണ്ടായി ബാലന്‍ പറഞ്ഞു ഇനി മുതല്‍ എനിക്കുള്ളത് ആറമ്മുളയമ്പലത്തില്‍ എത്തിച്ചാല്‍ മതിയെന്ന്. അങ്ങനെയാണ് പ്രസിദ്ധമായ തിരുവോണ തോണിയുടെ ആവിര്‍ഭാവം.

മാങ്ങാട്ട് ഇല്ലം ഇപ്പോള്‍ കുമാരനലൂര്‍ ആണ്, എങ്കിലും എല്ലാവര്‍ഷവും കാട്ടൂരില്‍ നിന്ന് അരിയും കറിയ്ക്ക് വേണ്ട മറ്റു സാധനങ്ങളുമായി തിരുവോണ തോണി ഉത്രാടം നാള്‍ വൈകിട്ട് പുറപ്പെട്ടു തിരുവോണ നാള്‍ അതിരാവിലെ ആറമ്മുളയില്‍ എത്തും അപ്പോഴേക്കും മറ്റു പള്ളിയോടങ്ങള്‍ ചെന്ന് സ്വീകരിച്ചു കൊണ്ടുവരും. പിന്നെ തിരുവോണ സദ്യയായി. പാവം നാട്ടിലെ കാരണവമ്മാര്‍ മാത്രം അത് നോക്കി ഭക്ഷണം കഴിക്കാതെയിരിക്കും. ഒരിയ്ക്കല്‍ തിരുവോണ തോണി വരുമ്പോള്‍ ഇടയ്ക്ക് വച്ച് തോണി മണലില്‍ ഉറച്ചു, അതിനു കാരണം എന്താണെന്നു അനേഷിച്ചപ്പോള്‍ കരയിലെ ഒരു വീട്ടില്‍ അത്താഴത്തിനു വഴിയില്ലാതെ വിഷമിക്കുന്നത് കണ്ടു. അവര്‍ക്ക് വേണ്ട അരിയും മറ്റു കൊടുത്തപ്പോള്‍ മണല്‍ മാറി വഞ്ചി നീങ്ങി തുടങ്ങി, ഇപ്പോള്‍ ആ വീട്ടുകാര്‍ അവിടെയില്ലങ്കിലും മൂന്നു മുഷ്ടി അരി പുഴയില്‍ ഇടുന്ന പതിവ് ഇന്നും ഉണ്ട്.

ഉത്തൃട്ടാതി വള്ളംകളി

ഉതൃട്ടാതി തിരുവാറമ്മുളയപ്പന്റെ ജന്മ ദിനമാണെന്നും അര്‍ജുനന്റെ ജന്മ ദിനമാണെന്നും രണ്ടു പക്ഷമുണ്ട്. അഷ്ടമി രോഹിണി കൃഷ്ണന്റെ ജന്മദിനമായിരിക്കുമ്പോള്‍ അര്‍ജുനന്റെ ജന്മ ദിനമാകാനെ വഴിയുള്ളൂ. അതെന്തായാലും ഉതൃട്ടാതി വള്ളംകളി ലോക പ്രശസ്തമാണ്.

തിരുവാറമ്മുളയപ്പന്‍ മുപ്പതിഒമ്പതു കരകളുടെ അധിപനാണെന്ന് മുന്‍പ് എഴുതിയല്ലോ അവര്‍ക്കെല്ലാം ചെറുതും വലുതുമായി വള്ളങ്ങളുണ്ട്. പള്ളിയോടങ്ങള്‍ എന്നാണ് ആ വള്ളങ്ങളെ പറയുന്നത്. കിഴക്ക് റാന്നി തൊട്ടു പടിഞ്ഞാറു ചെന്നിത്തല വരെയാണ് ആ കരകള്‍, പള്ളിയോട സേവ സംഘമാണ് ചിങ്ങമാസം ഉതൃട്ടാതി നാളില്‍ വള്ളം കളി നടത്തുന്നത്. അന്നേ ദിവസം മുപ്പതിഒമ്പതു പള്ളിയോടങ്ങളും നാരാണത്തു മണല്‍പ്പുറത്ത് ഒത്തു കൂടി മല്ലപുഴശ്ശേരി കടവുവരെയാണ് വള്ളം കളി നടത്തുന്നത്.

വള്ളസദ്യ

വള്ളംകളിയുമായി ബന്ധപ്പെട്ട വേറൊരു വഴിപാടാണ് വള്ളസദ്യ ഭഗവാന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളില്‍ വള്ളക്കാര്‍ക്കും, അപ്പോള്‍ അമ്പലത്തില്‍ വരുന്നവര്‍ക്കും വിഭവ സമൃദ്ധമായ സദ്യ കൊടുക്കുന്നതാണ്.

ആറന്മുളക്കണ്ണാടി

ഇന്നും ഒരത്ഭുതമായി നിലകൊള്ളുന്ന ആറന്മുളക്കണ്ണാടിയുടെ പേരും പെരുമയും പണ്ടേ കടല്‍കടന്നതാണ്. ടിനിന്റെയും ചെമ്പിന്റെയും ലോഹസങ്കരം പോളിഷ് ചെയ്താണ് കണ്ണാടിയുണ്ടാക്കുന്നത്. ലോഹങ്ങളുടെ പ്രത്യേക അനുപാതം ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്.

4000വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തില്‍ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിര്‍മ്മാണം നിലനില്‍ക്കുന്നെങ്കില്‍ അത് ആറന്മുളയില്‍ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം ഏതാനും വിശ്വകര്‍മ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു.

ഏകദേശം ശതാബ്ദങ്ങള്‍ക്കു മുന്‍പ് ആറന്മുളക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രക്രിയകള്‍ക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പൂജാവിളക്കുകള്‍,പൂജാപാത്രങ്ങള്‍, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും വേണ്ടി തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവില്‍ എന്ന സ്ഥലത്തുനിന്നും ഏതാനും വിശ്വകര്‍മ കുടുംബങ്ങളെ ആറന്മുളയില്‍ വിളിച്ചുവരുത്തി താമസസൗകര്യം അടക്കം എല്ലാ ആനുകൂല്യവും അവര്‍ക്കു നല്‍കി. കാലക്രമേണ ജോലിയില്‍ അലസരായി തീര്‍ന്ന ഇവരില്‍ രാജാവിനു നീരസം തോന്നുകയും, അവര്‍ക്കു നല്‍കിപ്പോന്നിരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു കിരീടം നിര്‍മ്മിച്ച് അദ്ദേഹത്തിന് നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികള്‍ നടത്തുമ്പോള്‍ അതിന് പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്‌നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിര്‍മ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവിന് ഉപഹാരമായി ഒരു കണ്ണാടി നിര്‍മ്മിച്ചു നല്‍കി. ആദ്യ കാലങ്ങളില്‍ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്. പിന്നീട് വാല്‍ക്കണ്ണാടിയുടെ രൂപത്തില്‍ ഭിത്തിയില്‍ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിര്‍മ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളില്‍ ഒന്നായി അഷ്ടമംഗല്യത്തില്‍ വാല്‍ക്കണ്ണാടി ഉപയോഗിച്ചു വരുന്നു.