നെഞ്ചിടിപ്പോടെ ഇന്ത്യ

single-img
10 August 2011

ബര്‍മിങ്ഹാം: ഇനി ഇന്ത്യയ്ക്ക് ഒന്നുകൂടി തോല്‍ക്കാനാവില്ല. തോറ്റാല്‍ കാത്തുവച്ച ഒന്നാം നമ്പര്‍ എന്ന കസ്തൂരി മാമ്പഴം ഇംഗ്ലണ്ട് കൊത്തിക്കൊണ്ടു പോകും. ‘മരണത്തിനും അതിജീവനത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ ടീം ഇന്ത്യയുടെ മൂന്നാം യാത്രയ്ക്ക് ഇന്നു തുടക്കം. ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ വിധിനിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഇന്നു മുതലാണ്. ഉച്ചയ്ക്കു ശേഷം 3.30 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം കാണാം. ഇനിയുള്ള രണ്ടു ടെസ്റ്റില്‍ ഒന്നിലെങ്കിലും ജയിക്കുകയോ രണ്ടും സമനിലയില്‍ ആക്കുകയോ ചെയ്താല്‍ ഒന്നാം റാങ്ക് ഇംഗ്ലണ്ടിനാവും.

റാങ്കിങ് എന്നതിലുപരി ഇന്ത്യയുടെ അഭിമാനപ്രശ്നം കൂടിയാണ് ഇനിയുള്ള ടെസ്റ്റുകള്‍. കാരണം ഒന്നാം റാങ്കില്‍ എങ്ങനെ എത്തിയെന്നു പോലും സംശയമുണര്‍ത്തുന്ന തരത്തിലായിരുന്നു ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യയുടെ പ്രകടനം. പൊരുതിനില്‍ക്കാന്‍ പോലും ശ്രമിക്കാതെ കീഴടങ്ങിയ ടീം ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണു ക്രിക്കറ്റ് ലോകത്തു നിന്നുയര്‍ന്നത്.

പക്ഷേ, ഇന്ത്യയുടെ വഴിക്കല്ല കാര്യങ്ങളുടെ പോക്കെന്നു വ്യക്തമാണ്. സഹീര്‍ഖാനും കൂടി പരുക്കേറ്റു പുറത്തായതോടെ ബോളിങ്ങില്‍ ഇന്ത്യ തീര്‍ത്തും ദുര്‍ബലമായി. സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും പരമ്പരയില്‍ നിന്നു നേരത്തേ തന്നെ പുറത്തായിരുന്നു. ബോളിങ്ങില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ ദുര്‍ബലമായതോടെ ബാറ്റ്സ്മാന്‍മാരുടെ പ്രകടനത്തിലേക്കാവും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പ്രതീക്ഷയോടെ നോക്കുന്നത്. എന്നാല്‍, പരുക്കേറ്റ പേസ് ബോളര്‍ ട്രെംലെറ്റ് ഇൌ ടെസ്റ്റിലും കളിക്കുന്നന്നില്ലെന്ന വാര്‍ത്ത ഇന്ത്യയ്ക്ക് ആശ്വാസമായിരിക്കും.