നടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു

single-img
9 August 2011

ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു. ഞായറാഴ്ച ചെന്നൈ വാള്‍ടാക്‌സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ചേര്‍ന്നതോടെ അവര്‍ നയന്‍താര എന്ന പേരുതന്നെ തുടരുമെന്നാണറിയുന്നത്.

ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും നേരിട്ട് ആര്യസമാജം ക്ഷേത്രത്തിലെത്തിയ ശേഷം ശുദ്ധികര്‍മവും ഹിന്ദു ആചാരപ്രകാരമുള്ള ഹോമവും നടത്തിയശേഷം പൂജാരി ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങളും ഗായത്രിമന്ത്രവും ഏറ്റു ചൊല്ലിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. മതംമാറല്‍ ചടങ്ങിനു ശേഷം ഹിന്ദുമതക്കാരിയായതിന്റെ സര്‍ട്ടിഫിക്കറ്റും നയന്‍താരയ്ക്ക് നല്‍കി.

ഞായറാഴ്ച വൈകിട്ടോടെ തന്നെ നയന്‍താര കൊച്ചിയിലേക്കു മടങ്ങുകയും ചെയ്തു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ഥപേര്. 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയരംഗത്തെത്തുന്നത്.

2005 മുതല്‍ തമിഴ്‌സിനിമയില്‍ സജീവമാണ്. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള നയന്‍താരയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ പ്രഭുദേവയും ഭാര്യയും തമ്മില്‍ അടുത്തിടെ വിവാഹമോചിതരായി. മതംമാറ്റത്തോടെ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.