40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ: വിഡി സതീശൻ

single-img
19 August 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടക്കാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഫര്‍സീനെതിരെ 19 കേസുകൾ ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പക്ഷെ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ആയുധം ഉപയോഗിച്ച് മറ്റുവിദ്യാര്‍ത്ഥികളെ ആക്രമിച്ചതും , തട്ടിക്കൊണ്ടുപോകലും, സ്ത്രീത്വത്തെ അപമാനിച്ചതുമുള്‍പ്പെടെയുള്ള 40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

ഇത്രയധികം വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്. കേരളത്തിൽ ഇപ്പോൾ വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കുമെന്നും സതീശന്‍ അറിയിച്ചു.

ഗവര്ണറുമായുള്ള സർക്കാർ വിഷയത്തിലും ഇതോടൊപ്പം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അനധികൃത നിയമനം മരവിപ്പിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണ്.

കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്. നിയമനം മരവിപ്പിക്കുക മാത്രമാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അല്ലാതെ നടപടി എടുത്തിട്ടില്ല. നോട്ടീസ് കൊടുത്ത് ഹിയറിങ് നടത്തി നടപടി എടുക്കാനിരിക്കെയാണ് ചാന്‍സിലര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതെന്നും സതീശൻ പറഞ്ഞു.