കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; കൊലയ്ക്ക് കാരണം ലഹരി ഇടപാടിലെ സാമ്പത്തികത്തര്‍ക്കം

single-img
19 August 2022

കൊച്ചി കാക്കനാട്ട് ഫ്ലാറ്റില്‍ യുവാവിന്റെ കൊലക്കു കാരണം ലഹരി ഇടപാടിലെ സാമ്പത്തികത്തര്‍ക്കമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. ഫ്ലാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നു എന്നും, ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ് എന്നും നാഗരാജു പറഞ്ഞു.

നേരത്തെ കാക്കനാട്ട് ഫ്ലാറ്റ് കൊലക്കേസിന്റെ അന്വേഷണത്തിനിടെ കാസർകോട് നിന്ന് പിടിയിലായ അർഷാദിന്റെ പക്കൽ നിന്ന് ഒന്നരക്കിലോകഞ്ചാവും 5.5 ഗ്രാം എംഡി എം എയും ഹാഷിഷ് ഓയിലും പിടിച്ചിരുന്നു. ഇതോടെയാണ് ലഹരിവിൽപ്പനയാണ് കൊലപാതകത്തിന് കാരണം എന്ന് കണ്ടെത്തുന്നത്. കൂടാതെ ഫ്ലാറ്റിൽ പതിവായി ലഹരി ഉപയോഗം നടന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അതേസമയം ഫ്ലാറ്റ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. കുറ്റകൃത്യങ്ങള്‍ തടയാന്‍ കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതായി കമ്മീഷണര്‍ അറിയിച്ചു. വാടകയ്ക്കു നല്‍കുന്നത് പൊലീസ് പരിശോധന പൂര്‍ത്തിയായവര്‍ക്കു മാത്രം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഫ്ലാറ്റ്, വീട് ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തുമെന്നും കമ്മീഷ്ണർ പറഞ്ഞു.