ജമ്മു കശ്മീർ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു; രാജി പ്രചാരണ സമിതി അധ്യക്ഷനാക്കി മണിക്കൂറുകൾക്കകം

single-img
17 August 2022

ജമ്മു കശ്മീർ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. പ്രചാരണ സമിതി അധ്യക്ഷനാക്കി മണിക്കൂറുകൾക്കകം ആണ് അദ്ദേഹം രാജി വെച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ജമ്മു കശ്മീരിലെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആസാദ് വിസമ്മതിച്ചു എന്നാണു ഔദ്യോഗിക വിശദീകരണം. തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ നന്ദി പറയുന്നുവെന്നും ഗുലാം നബി പ്രതികരിച്ചു.

നേരത്തെ ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷസ്ഥാനം ആസാദിന്റെ അടുത്ത അനുയായിയെന്ന് കരുതപ്പെടുന്ന ഗുലാം അഹമ്മദ് മിറായിരുന്നു. അദ്ദേഹവും രാജി വെച്ചിരുന്നു. അതിനെ തടുർന്ന് ചൊവ്വാഴ്ച വികർ റസൂൽ വാനിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും, രാമൻ ഭല്ലയെ വർക്കിംഗ് പ്രസിഡന്റായും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചിരുന്നു. കൂടാതെ പ്രചാരണ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി, ഏകോപന സമിതി, പ്രകടന പത്രിക കമ്മിറ്റി, പബ്ലിസിറ്റി ആൻഡ് പ്രസിദ്ധീകരണ കമ്മിറ്റി, അച്ചടക്ക സമിതി, പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയും പുനഃസംഘടിപ്പിച്ചിരുന്നു.

ജമ്മു കശ്മീർ സംസ്ഥാന ഘടകത്തിൽ നടന്ന പുനഃ സംഘടനയിൽ പല നേതാക്കളും അതൃപ്തി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. പിസിസി തലവന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാത്തതിൽ പ്രതിഷേധിച്ചു മുൻ കോൺഗ്രസ് എംഎൽഎ ഗുൽസാർ അഹമ്മദ് വാനി ഏകോപന സമിതിയിൽ നിന്ന് ഇറങ്ങിപ്പോയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.