സിവിക് ചന്ദ്രന് ജാമ്യം; സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു: വനിതാ കമ്മീഷൻ

single-img
17 August 2022

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണ് എന്ന് സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീദേവിയുടെ പ്രതികരണം.

ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ജാമ്യം നല്‍കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുന്‍പു തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണ്.

‘പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല”, എന്നാണ് ഉത്തരവില്‍ പറയുന്നത്.

ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ജാമ്യം നല്‍കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുന്‍പു തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്.