വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതി ഒളിവിൽ

single-img
17 August 2022

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂരമർദ്ദനം. നടവയൽ നെയ്‌ക്കുപ്പ കോളനിയിലെ ഷിഗിൽ (ആറ്‌), ഹൃദുൻ (എട്ട്‌), അഭിനവ് (എട്ട്‌) എന്നിവർക്കാണ് മർദനമേറ്റത്‌. വയലിന്റെ ഉടമ രാധാകൃഷ്‌ണനാണ്‌ മർദിച്ചതെന്ന്‌ കുട്ടികൾ പൊലീസിന്‌ മൊഴിനൽകി. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേണിച്ചിറ പൊലീസ്‌ കേസെടുത്തു.

വടികൊണ്ടുള്ള അടിയിൽ കുട്ടികളുടെ കാലും കൈയും പുറവും മുറിഞ്ഞു. ശരീരത്തിന്റെ പലഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്‌. നിലവിളികേട്ട്‌ കോളനിയിലുള്ളവർ ഓടിയെത്തുമ്പോൾ കുട്ടികൾ മർദനമേറ്റ്‌ അവശനിലയിലായിരുന്നു. ശരീരത്തിൽനിന്ന്‌ ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു കുട്ടി ബൈപ്പാസ് സർജറി കഴിഞ്ഞ കുട്ടിയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു.

കേണിച്ചിറ പൊലീസെടുത്ത കേസ്‌ പട്ടികവർഗ വിഭാഗക്കാർക്കുനേരെയുള്ള അതിക്രമം അന്വേഷിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്വകാഡിന്‌ കൈമാറി. കുട്ടികളെ മർദിച്ച അയൽവാസി രാധാകൃഷ്ണൻ ഒളിവിലാണ് എന്നും രാധാകൃഷ്ണനായി തെരച്ചിൽ ആരംഭിച്ചെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.