ഗാംഗുലിക്ക് നേടാനാവാതെപോയ മൂന്ന് റെക്കോഡുകള്‍

single-img
16 August 2022

തന്റെ കരിയറിൽ 113 ടെസ്റ്റും 311 ഏകദിനവും കളിച്ച ഗാംഗുലി ഇവയിൽ നിന്നും 18575 അന്താരാഷ്ട്ര റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ആകെ 38 സെഞ്ച്വറിയും 107 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ചേര്‍ന്നുനിന്ന ഗാംഗുലി നിലവില്‍ ബിസിസി ഐ പ്രസിഡന്റാണ്. ക്രിക്കറ്റ് മൈതാനങ്ങളിൽ പല റെക്കോഡുകളും ഗാംഗുലി വെട്ടിപ്പിടിച്ചെങ്കിലും പ്രധാനപ്പെട്ട മൂന്ന് റെക്കോഡുകള്‍ സ്വന്തമാക്കാനായില്ല.

ആദ്യത്തേത് ഒരു ഫോര്‍മാറ്റിലും 50 പ്ലസ് ശരാശരിയില്ല എന്നതാണ്. ഇടംകൈയൻ ബാറ്റിങ്ങില്‍ ഗാംഗുലി ഇതിഹാസമാണ്. വളരെ മികച്ച ഓഫ് സൈഡ് ഷോട്ടുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ച ഗാംഗുലിയെ ഓഫ് സൈഡിന്റെ രാജകുമാരനെന്നും ആരാധകര്‍ വിളിച്ചിരുന്നു. എന്നാൽ ഗാംഗുലിക്ക് ഒരു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി ഇല്ലായിരുന്നുവെന്നതാണ് വസ്തുത. ഏകദിനത്തില്‍ 41.02, ടെസ്റ്റില്‍ 42.17 എന്നിങ്ങനെയാണ് ഗാംഗുലിയുടെ ബാറ്റിങ് ശരാശരി.

ഒരിക്കലും ടെസ്റ്റില്‍ 10000 റണ്‍സ് നേടാനായില്ല എന്നതാണ് അടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ 10000ലധികം റണ്‍സെന്നത് പല സൂപ്പർ താരങ്ങൾക്കും കരിയറില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയ നേട്ടങ്ങളിലൊന്നാണിത്. അതേപോലെ തന്നെ ടെസ്റ്റില്‍ 10000 എന്ന കടമ്പ കടക്കാന്‍ ഗാംഗുലിക്കായില്ല. എന്നാൽ ഏകദിനത്തില്‍ 11000ലധികം റണ്‍സ് ഗാംഗുലി നേടിയിട്ടുണ്ട്. 22 സെഞ്ച്വറിയും 72 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ 188 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 7212 റണ്‍സാണ് ഗാംഗുലി നേടിയത്. ഇതില്‍ 16 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 35 ഫിഫ്റ്റിയും ഉള്‍പ്പെടും.

ഏറ്റവും ഒടുവിലത്തേത് ലോകകപ്പ് കിരീട ഭാഗ്യമുണ്ടായില്ല എന്നതാണ്. ഇന്ത്യൻ ടീമിലെ ഇതിഹാസ നായകനെന്ന് വിളിക്കുമ്പോഴും മുൻഗാമിയായ കപില്‍ ദേവിനെപ്പോലെയും എംഎസ് ധോണിയെപ്പോലെയും ലോകകപ്പ് കിരീടം നേടിയെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചില്ല.

2003ൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ചതാണ് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയുടെ വലിയ നേട്ടം. പക്ഷെ ആ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു.