റഷ്യൻ ക്രൂഡ് ഓയിൽ ഗുജറാത്ത് തീരത്തിൽ ശുദ്ധീകരിച്ച ശേഷം അമേരിക്കയിലേക്ക് കയറ്റി അയച്ചു; ഇന്ത്യക്കെതിരെ അമേരിക്ക

single-img
16 August 2022

അമെരിക്ക റഷ്യക്കേർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിൽ നിന്നും നിർമ്മിച്ച ഇന്ധനം ഉറവിടം മറച്ചുവെച്ച് അമേരിക്കയിലേക്ക് കയറ്റിയയച്ച നടപടിയിൽ ഇന്ത്യയെ ആശങ്കയറിയിച്ച് യുഎസ്. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഗുജറാത്ത് തീരത്തുകൊണ്ടുവന്ന് ശുദ്ധീകരിച്ച ശേഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇന്ത്യയെ അറിയിച്ചുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര അറിയിച്ചു.

റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ റഷ്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച എണ്ണ, കൽക്കരി, വാതകം അടക്കമുള്ള ഇന്ധനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. “ഇന്ത്യൻ തീരത്തുനിന്നും സംസ്കരിച്ച ഇന്ധനം കപ്പലിൽ നിറച്ചശേഷം ലക്ഷ്യമില്ലാതെ ഉൾക്കടലിലേക്ക് തിരിച്ചു. ഉൾക്കടലിലെത്തിയപ്പോൾ ലഭിച്ച നിർദ്ദേശം അനുസരിച്ച് അത് ന്യൂയോർക്കിലേക്ക് തിരിച്ചു.” പത്ര പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഉടൻ പ്രതികരിക്കാനില്ലെന്നാണ് ന്യൂഡൽഹിയിലെ യുഎസ് എംബസി വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണത്തിനായി ക്രൂഡ് ഓയിൽ സംസ്കരിച്ചെടുക്കുകയാണുണ്ടായതെന്ന് പത്ര പറഞ്ഞു. എന്നാൽ ശുദ്ധീകരണത്തിനായി ഉപയോഗിച്ച പ്ലാന്റ് ഏതാണെന്നോ കയറ്റുമതിക്കായി ഉപയോഗിച്ച കപ്പൽ ആരുടേതാണെന്നോ പത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല.