ദന്ത ചികിത്സയ്ക്കായി രോഗികളില്‍ നൈട്രസ് ഓക്‌സൈഡ് വാതകം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നൽകി ഖത്തർ

single-img
16 August 2022

ദോഹ: ഖത്തറില്‍ ദന്ത ചികിത്സയ്ക്കായി രോഗികളില്‍ നൈട്രസ് ഓക്‌സൈഡ് വാതകം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചിരിപ്പിക്കുന്ന വാതകം എന്ന് അറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡിന്റെ ഉപയോഗം ചികിത്സാ നടപടികളില്‍ അവസാനിപ്പിക്കണമെന്നാണ് രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള എല്ലാ ദന്ത ഡോക്ടര്‍മാര്‍ക്കും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയയിലും ദന്ത ചികിത്സയ്ക്കും രോഗികള്‍ക്ക് അനസ്‌തേഷ്യ നല്‍കാനാണ് നൈട്രസ് ഓക്‌സൈഡ് ഉപയോഗിക്കുന്നത്.

ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കാതെ തന്നെ രോഗിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം. നിര്‍ദ്ദേശം പാലിക്കാത്തവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖത്തറിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യക്ഷമതയും യോഗ്യതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു.