വിജയ്ക്ക് പിഴ ചുമത്തിയ ആദായ നികുതി വകുപ്പ് ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

single-img
16 August 2022

നടന്‍ വിജയ്ക്ക് പിഴ ചുമത്തിയ ആദായ നികുതി വകുപ്പ് ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഉത്തരവിനെതിരെ നടന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി.

വിഷയത്തില്‍ സെപ്തംബര്‍ 16നകം മറുപടി അറിയിക്കാന്‍ ആദായനികുതി വകുപ്പിനോട് കോടതി നിര്‍ദേശിച്ചു.

2015-16 സാമ്ബത്തിക വര്‍ഷത്തിലെ വെളിപ്പെടുത്താത്ത 15 കോടി രൂപ വരുമാനവുമായി ബന്ധപ്പെട്ട് 1.5 കോടി പിഴയടയ്ക്കണം എന്ന ഉത്തരവിനാണ് സ്റ്റേ. 2015ല്‍ നടന്റെ വസതിയിലുള്‍പ്പെടെ നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.

‘പുലി’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അഞ്ച് കോടി രൂപ പണമായും 16 കോടി രൂപ ചെക്കായും കൈപ്പറ്റിയതായി വിജയ് സമ്മതിച്ചിരുന്നതായി ഐടി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു കൂടാതെ അതേ സാമ്ബത്തിക വര്‍ഷം 10 കോടി രൂപ കൂടി പണമായി സ്വീകരിച്ചതായി സമ്മതിച്ചെങ്കിലും ഇക്കാര്യം അദ്ദേഹം ഇന്‍കം ടാക്‌സ് റിട്ടേണില്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് വകുപ്പ് പറയുന്നു.

ഇതോടെ, വെളിപ്പെടുത്താത്ത വരുമാനമായ 15 കോടിയുടെ നികുതി അടയ്ക്കാമെന്ന് വിജയ് സമ്മതിച്ചതായി ആദായനികുതി വകുപ്പ് പറഞ്ഞു. തുടര്‍ന്ന്, വെളിപ്പെടുത്താത്ത വരുമാനത്തിന് 10 ശതമാനം പിഴ ചുമത്തി ആദായനികുതി വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ നടന്‍ സ്വമേധയാ സമ്മതിച്ചതിലൂടെയല്ല, തങ്ങള്‍ നടത്തിയ റെയ്ഡിലാണ് കുറ്റകൃത്യം കണ്ടെത്തിയതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

പിന്നാലെ ഉത്തരവിനെതിരെ നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം നടപടികള്‍ ആരംഭിക്കാനുള്ള പരിമിതി കാലയളവ് അവസാനിച്ച ശേഷം പുറപ്പെടുവിച്ചതിനാല്‍ പിഴ ചുമത്തിയ ഉത്തരവ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ജസ്റ്റിസ് അനിത സുമാന്ത് ആണ് നടന്റെ ഹരജി സ്വീകരിച്ചത്.