ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണം: കപിൽ ദേവ്

single-img
16 August 2022

ഐപിഎൽ വഴി ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുന്‍ ഇന്ത്യന്‍ക്യാപ്റ്റൻ കപില്‍ ദേവ്. യൂറോപ്പിൽ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളുടേതിന് സമാനമായ രീതിയിലേക്കാണ് ക്രിക്കറ്റും പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉഭയകക്ഷി പരമ്പരകള്‍ക്ക് ക്രമേണ പ്രാധാന്യം കുറയുകയാണെന്നും കപില്‍ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് സംസാരിക്കവെ പറഞ്ഞു. നിലവിൽ യൂറോപ്യന്‍ ഫുട്ബോളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളെക്കാള്‍ ക്ലബ്ബുകള്‍ തമ്മിലാണ് മത്സരം. അവിടെ ഇപ്പോൾ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത് ലോകകപ്പില്‍ മാത്രമാണ്.

ഇവിടെ ക്രിക്കറ്റും അതേവഴിയിലേക്കാണ് നീങ്ങുന്നത്. ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ ബിഗ് ബാഷിലോ മറ്റ് സമാന ലീഗുകളിലോ കളിക്കുകയും ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുകയും ചെയ്യുന്ന കാലമാണ് വരുന്നത്. ക്ലബ്ബ് ക്രിക്കറ്റിന്‍റെ ബീഷണിയെ മറികടന്ന് ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകള്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് ഐസിസി ഗൗരവമായി ആലോചിക്കണമെന്നും കപില്‍ അഭിപ്രായപ്പെടുന്നു.