യുഎസ്-റഷ്യ ആണവയുദ്ധമുണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും, ഇന്ത്യ-പാക് ആണവയുദ്ധം ഉണ്ടായാലോ?

single-img
16 August 2022

അമേരിക്കയും റഷ്യയും തമ്മിൽ ഒരു ആണവായുധം ഉണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും എന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ. യുഎസും റഷ്യയും തമ്മിലുള്ള പൂർണ്ണ തോതിലുള്ള ആണവയുദ്ധം യുദ്ധം ഉണ്ടായാൽ മനുഷ്യരാശിയുടെ പകുതിയിലധികം പേരും ഇല്ലാതാക്കുമെന്ന് ഇവർ നേച്ചർ ഫുഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഒരു ചെറിയ ആണവയുദ്ധം ഉണ്ടായാൽ പോലും അത് ആഗോള ഭക്ഷ്യോത്പാദനത്തെ വളരെ മോശമായി ബാധിക്കും എന്നാണ് പഠനത്തിൽ ഉള്ളത്. ഈ ഗവേഷണമനുസരിച്ച്, പ്രാദേശിക തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിളകളുടെ ഉത്പാദനം 7% കുറയും എന്നും, അതേസമയം യുഎസ്-റഷ്യ യുദ്ധം ഉണ്ടായാൽ മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ കാർഷിക ഉൽപാദനം 90% കുറയുമെന്നും റിപ്പോർട്ടിൽ ഉണ്ട്.

ആണവായുധങ്ങൾ പൊട്ടിത്തെറിച്ചാൽ അന്തരീക്ഷത്തിലേക്ക് എത്രമാത്രം പൊടിപടലങ്ങളും അണുവികിരണവും വ്യാപിക്കും എന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് പഠനങ്ങൾ നടന്നത്.

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് യുഎസും റഷ്യയും തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ഭയം ആഗോളതലത്തിൽ തന്നെ ഉണ്ടായതിനു പിന്നാലെയാണ് പഠനം നടന്നത്. യുഎസും റഷ്യയും തമ്മിൽ ആണവയുദ്ധം ഉണ്ടായാൽ “ഗുരുതരമായ” സാഹചര്യം ഉണ്ടാകുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഏപ്രിലിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യ – പാക് യുദ്ധം ഉണ്ടായാൽ അഞ്ച് കോടി മുതൽ 12.5 കോടി വരെ ആളുകൾ നേരിട്ടും നിരവധി ലക്ഷം പേർ പട്ടിണി പോലുള്ള പരോക്ഷ ഫലങ്ങളാലും കൊല്ലപ്പെടാം എന്ന് നേരത്തെ റട്ഗേഴ്സ് യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങൾ പറഞ്ഞിരുന്നു. നിലവിൽ 150 വീതം ആണവായുധങ്ങളുള്ള ഇന്ത്യയും പാക്കിസ്ഥാനും 2025 ൽ ഇത് ഇരുന്നൂറോളമാക്കി വർദ്ധിപ്പിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.