പള്ളികളില്‍ കരിങ്കൊടി; തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

single-img
16 August 2022

തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും. കൂടാതെ രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി.

വിവിധ ഇടവകകളില്‍ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കും. പ്രശ്നപരിഹാരമുണ്ടാകാത്തതോടെയാണ് സമരം വിഴിഞ്ഞം തുറമുഖപ്രദേശത്തേയ്ക്ക് വ്യപിപ്പിക്കുന്നത്. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിതകാല ഉപരോധ സമരത്തിനാണ് തീരുമാനം. രാവിലെ പത്തരയോടെ തുറമുഖ നിര്‍മാണം നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിക്കും. മല്‍സ്യത്തൊഴിലാളികളുടെ നിലനില്‍പ് പ്രതിസന്ധിയിലെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22 ന് മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു