നിങ്ങളുടെ രാഷ്ട്രീയം ഇവിടെ പ്രവർത്തിക്കില്ല; ചെരുപ്പ് എറിഞ്ഞ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി സ്റ്റാലിൻ

single-img
15 August 2022

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണ് എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ആഗസ്റ്റ് 13 ശനിയാഴ്ച സംസ്ഥാന ധനമന്ത്രി ഡോ. പി.ത്യാഗ രാജന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ ചെരിപ്പെറിഞ്ഞ സംഭവത്തെ പരാമർശിച്ചാണ് സ്റ്റാലിൻ ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ബിജെപി നേതാക്കൾ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ യഥാർത്ഥ നിറം അനാവരണംചെയ്യപ്പെട്ടു. ദേശീയ പതാകയും വെച്ച മന്ത്രിയുടെ കാറിന് നേരെയാണ് അവർ ചെരുപ്പുകൾ എറിഞ്ഞത്. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യത്തെ ബിജെപി പ്രവർത്തകർ അപകീർത്തിപ്പെടുത്തി. ധീര ജവാന് ആദരാഞ്ജലികൾ അർപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണണമായിരുന്നു. പകരം, അവർ രാഷ്ട്രീയവൽക്കരിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു – സ്റ്റാലിൻ പറഞ്ഞു.

കൂടാതെ സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്തരം പ്രവൃത്തികൾക്ക് പ്രേരണ നൽകുന്നവരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മുവിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന് ആദരാഞ്ജലികൾ അർപ്പിക്കുന്ന മധുര വിമാനത്താവളത്തിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങായിരുന്നു അത്. മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരുടെ സാന്നിധ്യം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഉണ്ടായ തർക്കത്തിലാണ് അനിഷ്ടസംഭവങ്ങൾ ഉണ്ടായതു.