ഇന്ത്യയെ വിഭജിച്ചതാര്? കോൺഗ്രസും ബിജെപിയും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുമ്പോൾ

single-img
15 August 2022

ഓഗസ്റ്റ് 14-ന് ‘വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി’ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തതിനു പിന്നാലെ വിഭജനത്തിന്റെ കാരണക്കാർ ആരാണ് എന്ന ചർച്ച സോഷ്യൽമീഡിയയിൽ ബിജെപി കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. 75 വർഷം മുൻപ് പാകിസ്ഥാൻ സൃഷ്ടിക്കുന്നത് തടയാത്തതിന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഉത്തരവാദിയാണെന്ന് എന്നാണു ബിജെപി പുറത്തിറക്കിയ വീഡിയോയിൽ കുറ്റപ്പെടുത്തുന്നത്.

വിഭജന കാലത്ത് സ്ത്രീകളും കുട്ടികളും നേരിട്ട ബലാത്സംഗങ്ങളെയും പീഡനങ്ങളെയും കുറിച്ചുള്ള വിവരണങ്ങളും, പാകിസ്ഥാനിലേക്ക് പലായനം ചെയ്തവരുടെ ദുരവസ്ഥയുടെയും അടങ്ങുന്ന രണ്ട് വീഡിയോകൾ ആണ് ബിജെപി അവരുടെ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തത്. രാജ്യം വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തോട് കോൺഗ്രസ് നേതൃത്വം സമ്മതിച്ചു എന്നും വീഡിയോയിൽ ബിജെപി കുറ്റപ്പെടുത്തുന്നു.

കോടിക്കണക്കിന് ആളുകളുടെ ജീവിതം നശിപ്പിച്ച വിഭജനത്തിന്റെ ആഘാതം പതിറ്റാണ്ടുകളായി വിസ്‌മൃതിയാണ്ടുപോയിരുന്നു. വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആ കാലഘട്ടത്തെ ഓർമ്മിപ്പിക്കാനും അത് വീണ്ടും ആവർത്തിക്കാതിരിക്കാനുമുള്ള ശ്രമമാണ് എന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തത്.

എന്നാൽ വിഭജന കാലത്തെ ഭയനാകത്തകളെ ‘ഭീതിയുടെ അനുസ്മരണ ദിനമായി’ ആചരിക്കുന്നത് പക്ഷപാതപരമായ ഉദ്ദേശ്യത്തോടെയാണ് എന്നാണ് കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവങ്ങളെ പ്രധാനമന്ത്രിയുടെ നിലവിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വളമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് പറഞ്ഞു. കൂടാതെ സവർക്കർ ആണ് ദ്വിരാഷ്ട്ര സിദ്ധാന്തം സൃഷ്ട്ടിച്ചത് എന്നും, ജിന്ന അത് പൂർണമാക്കി എന്നതാണ് സത്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല ശരത് ചന്ദ്രബോസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബംഗാൾ വിഭജനത്തിന് വേണ്ടി പോരാടിയ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയെയും പ്രധാനമന്ത്രി ഇന്ന് ഓർക്കുമോ എന്നും ജയറാം രമേശ് ചോദിച്ചു.

സവർക്കർ ജനിക്കുന്നതിന് മുമ്പ് അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെ സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാനാണ് ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തിരിച്ചടിച്ചു. “സവർക്കറും ഹിന്ദു മഹാസഭയും യഥാർത്ഥത്തിൽ വിഭജന ആശയത്തെ അവസാനം വരെ എതിർത്തിരുന്നു എന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.