ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല: ഉദ്ദവ് താക്കറെ

single-img
14 August 2022

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവ്സേന നേതാവുമായ ഉദ്ദവ് താക്കറെ. ബാൽ താക്കറെ സ്ഥാപിച്ച ‘മാർമിക്’ എന്ന വാരികയുടെ 62-ാം വാർഷികത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിനെതിരെ ആഞ്ഞടിച്ചത്.

നമ്മൾ വീണ്ടും ഏതെങ്കിലും വൈദേശിക ഭരണത്തിൻ കീഴിലാണോ എന്നതാണ് ഇന്ന് ചോദിക്കേണ്ട ചോദ്യം. ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ല. അമൃത് മഹോത്സവം ‘അമൃത്’ പോലെയാകണം, പക്ഷേ അത് ‘മൃത്’ (മരിച്ച) ജനാധിപത്യം പോലെയാകരുത്- ഉദ്ദവ് താക്കറെ പറഞ്ഞു.

കേന്ദ്ര സർക്കാർ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു വൈറൽ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. അതിൽ ഒരു ദരിദ്രനായ മനുഷ്യൻ പറയുന്നു, എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ അത് സ്ഥാപിക്കാൻ വീട് ഇല്ല എന്ന്. അരുണാചലിൽ ചൈന കടന്നു കയറ്റം നടത്തുകയാണ്. നമ്മുടെ വീടുകളിൽ ത്രിവർണപതാക സ്ഥാപിച്ചാൽ അവർ പിന്നോട്ടു പോകില്ല. ത്രിവർണപതാക ഹൃദയത്തിലും വേണമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.