ലോകം മുഴുവൻ നേരിടുന്നത് 38,000 കേസുകൾ; ജോൺസൺ ആൻഡ് ജോൺസൺ ആഗോളതലത്തിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ വിൽപ്പന നിർത്തുന്നു

single-img
13 August 2022

ലോകം മുഴുവൻ 38,000 കേസുകൾ നേരിടുന്ന ജോൺസൺ ആൻഡ് ജോൺസൺ ആഗോളതലത്തിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ വിൽപ്പന നിർത്തുന്നു എന്ന് റിപ്പോർട്ട്. രണ്ട് വർഷം മുമ്പ് അമേരിക്കയിലും കാനഡയിലും ഉൽപ്പന്നം നിർത്തലാക്കിയിരുന്നു. എന്നാൽ ഇത് ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാൻ ആണ് ഇപ്പോൾ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറിൽ ആസ്ബറ്റോസ് മലിനീകരണം മൂലം ക്യാൻസറിന് കാരണമാകുന്നു എന്നതാണ് നേരിടുന്ന ആരോപണം. എന്നാൽ ടാൽക്ക് അടിസ്ഥാനമാക്കിയുള്ള ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ക്യാൻസറിന് കാരണമാകില്ലെന്നും സ്ഥിരീകരിക്കുന്ന ലോകമെമ്പാടുമുള്ള മെഡിക്കൽ വിദഗ്ധരുടെ പതിറ്റാണ്ടുകളുടെ സ്വതന്ത്ര ശാസ്ത്രീയ വിശകലനത്തിന് പിന്നിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു എന്നാണു ജോൺസൺ ആൻഡ് ജോൺസൺ കമ്പനി മാധ്യമങ്ങളോട് പറഞ്ഞത്.

ടാൽക്ക് അധിഷ്ഠിത ബേബി പൗഡറിൽ നിന്നും കോൺസ്റ്റാർച്ച് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാൻ ആണ് കമ്പനിയുടെ തീരുമാനം. 2018ൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം അണ്ഡാശയ ക്യാൻസർ ബാധിച്ചതായി അവകാശപ്പെട്ട 22 സ്ത്രീകൾക്ക് 4.7 ബില്യൺ ഡോളർ (37,476 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.