പ്രതീക്ഷിച്ച നിലവാരത്തിൽ ഭരണം എത്തിയില്ല; തിരുത്തൽ നടപടികളുമായി സി പി എം

single-img
13 August 2022

സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതിക്ഷിച്ച നിലവാരത്തിലേക്ക് ഭരണം നീങ്ങിയില്ലെന്ന വിമർശനം സംസ്ഥാന കമ്മറ്റിയിൽ അടക്കം ഉയർന്ന സാഹചര്യത്തിൽ തിരുത്തൽ നടപടികളുമായി സി പി എം മുന്നോട്ട്. ഇതിന്റെ ആദ്യഘട്ടമായി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ യോഗം വിളിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും.

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ വിമർശനങ്ങൾ ഏറ്റുപിടിച്ച് ചൂടുപിടിച്ച ചർച്ചയാണ് ഇന്നലെ സമാപിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉണ്ടായത്. ഇത് കോടിയേരി വാർത്ത സമ്മേളനത്തിൽ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രവർത്തനം പരിശോധിച്ചതായി കോടിയേരി അറിയിച്ചു. പുതിയ മന്ത്രിമാർ എന്നതിന്റെ പ്രശ്നങ്ങളുണ്ട്. ഓഫിസ് മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ട്. പരിപാടികളെല്ലാം ഓൺലൈനിലാക്കുന്നു. ഇതിലെല്ലാം മാറ്റം വരുത്തണമെന്നു നിർദേശം നൽകി. മന്ത്രിമാർ കൂടുതൽ സജീവമാകണം. കേരളമാകെ യാത്ര ചെയ്യണം – കോടിയേരി പറഞ്ഞു.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടേയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടേയും യോഗം വിളിച്ച് നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന രീതി ഉണ്ടെങ്കിലും മുഴുവൻ സ്റ്റാഫുകളുടേയും യോഗം വിളിക്കുന്നത് ആദ്യമായിട്ടാണ്. മന്ത്രിയുടെ ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് സ്വീകരിക്കേണ്ട സമീപനം, ഫയൽ നീക്കം വേഗത്തിലാക്കൽ തുടങ്ങിയ നിർദേശങ്ങൾ പേഴ്‌സണൽ സ്റ്റാഫുകൾക്ക് നൽകും എന്നാണ് നേതാക്കൾ നൽകുന്ന സൂചന.