കെ.എസ്‌.ആര്‍.ടി.സി. സർവത്ര കടത്തിൽ; പ്രതിമാസം ബാങ്കിലടയ്ക്കേണ്ടത് 30 കോടി

single-img
12 August 2022

2008 മുതല്‍ ഈ വര്‍ഷം വരെ 9042.81 കോടി രൂപ യാണ് വിവിധ ആവശ്യങ്ങൾക്കായി KSRTC കടമായി എടുത്ത് എന്ന് KSRTC എം.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഇതിൽ ഭൂരിഭാഗം സർക്കാർ അടച്ചു തീർത്തു എങ്കിലും ഇനിയും 3014.33 കോടി രൂപ ലോൺ ആയി ഉണ്ട് എന്നും അതിനു വേണ്ടി പ്രതിമാസം 31.19 കോടി രൂപ അടക്കണമെന്നും എം.ഡി ഹൈക്കോടതിയെ അറിയിച്ചു.

3100 കോടി രൂപ കടമെടുക്കാന്‍ KSRTC യുടെ 52 സ്‌ഥലത്തെ ഭൂമി പണയം വെച്ചെന്നും എം.ഡി പറയുന്നു. അതിൽ പാപ്പനംകോട്ടെ 738.48 ഏക്കറും മാവേലിക്കരയിലെ 225 ഏക്കറും പൊന്നാനിയിലെ 227.52 ഏക്കറും എടപ്പാളിലെ 2208.20 ഏക്കറും കായംകുളത്തെ 173.15 ഏക്കറും ഉൾപ്പെടും.

കഴിഞ്ഞ മൂന്നു മാസത്തെ ശരാശരി ഓപ്പറേറ്റിങ്‌ വരുമാനം 164.15 ലക്ഷം രൂപയും നോണ്‍ ഓപ്പറേറ്റിങ്‌ വരുമാനം 12.73 കോടി രൂപയുമാണ്‌. ബില്‍ഡിങ്‌, ഓഫീസുകള്‍, ഷോപ്പിങ്‌ സെന്ററുകള്‍, മറ്റിനങ്ങള്‍ എന്നിവയാണു കമ്പനിയുടെ സ്വത്തുക്കള്‍. ടിക്കറ്റ്‌ വരുമാനം പ്രതീക്ഷിക്കുന്നതു എട്ടുകോടി രൂപയാണെങ്കിലും കിട്ടുന്നതു 5.75 കോടി രൂപമാത്രമാണ്‌. ഇതാണു കെ.എസ്‌.ആര്‍.ടി.സിയുടെ നഷ്‌ടത്തിനു കാരണമെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.

വിവിധ കാരണങ്ങളാല്‍ 700 ബസുകള്‍ സര്‍വീസ്‌ നടത്തുന്നില്ല. കേടായ 200-300 ബസുകള്‍ക്കു സ്‌പെയര്‍ പാര്‍ട്‌സ്‌ ഇല്ലാത്തതിനാല്‍, ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം 5265 ബസുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. കഴിഞ്ഞവര്‍ഷം 6202 ആയിരുന്നു. ശരാശരി 10 ലക്ഷം യാത്രക്കാര്‍ ഒരു ദിവസം യാത്ര ചെയ്യുന്നു. ഈ വര്‍ഷം ഇതുവരെ 1132.82 കോടി രൂപ ടിക്കറ്റ്‌ കളക്ഷന്‍ ലഭിച്ചു എന്നും KSRTC എം.ഡി. ഹൈക്കോടതിയെ അറിയിച്ചു.