കുറ്റം എന്താണെന്ന് പറയാതെ ഇഡിക്കു മുന്നിൽ ഹാജരാകില്ല: തോമസ് ഐസക്

single-img
11 August 2022

ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക്. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ തോമസ് ഐസക് വിസമ്മതിക്കുന്നത്. എന്നാൽ കാരണം പറഞ്ഞാന്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും തോമസ് ഐസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘കാരണം പറയാതെ ഏകപക്ഷീയമായി രണ്ട് സമന്‍സാണ് ഇഡി അയച്ചത്. രണ്ടിലും എന്താണ് കുറ്റമെന്ന് പറയാതിരിക്കുക. ഞാനോ കിഫ്ബിയോ ഫെമ നിയമം ലംഘിച്ചിട്ടുണ്ടോ? ഇതാണ് അവരുടെ അഭിപ്രായം എങ്കില്‍ അത് ആദ്യം ചൂണ്ടിക്കാണിക്കേണ്ടത് ആര്‍ബിഐ അല്ലെ. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെയാണ് അന്വേഷണം. ഇങ്ങനെ പാടില്ലെന്ന് സുപ്രീംകോടതി പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്താണ് എന്റെ പേരിലുള്ള കുറ്റമെന്ന് അറിയിക്കണം. അതിന് കഴിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അങ്ങനെ ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്’, തോമസ് ഐസക് പറഞ്ഞു.

രാവിലെ പതിനൊന്നിന് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നൽകിയിരുന്ന നിർദ്ദേശം. ഇ ഡിക്കെതിരെ തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹാജരാകേണ്ടതില്ല എന്ന സി പി എം തീരുമാനം. അതേസമയം ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.