ബിഹാറിൽ വിശാലസഖ്യ സർക്കാർ; കോൺഗ്രസ്, ഇടത് പാർട്ടികൾ ഉൾപ്പടെ മന്ത്രിസഭയിൽ

single-img
10 August 2022

നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ബിഹാറിൽ വിശാല സഖ്യ സർക്കാർ ഇന്ന് അധികാരമേൽക്കും. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടെതെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞത്. എന്നാൽ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിശാലസഖ്യത്തിന്‍റെ ഭാഗമാകുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്കാണ് നിതീഷ് കുമാറിന്‍റെ കണ്ണെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

അതേസമയം കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും പുതിയ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും എന്നാണു ലഭിക്കുന്ന റിപ്പോർട്ട്. പുതിയ സർക്കാരിൽ തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. എന്നാൽ ആഭ്യന്തരം നൽകുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോൺഗ്രസിൻറെ ആവശ്യം നേരത്തെ ആർ ജെ ഡി തള്ളിയിരുന്നു.

അതേ സമയം ബി ജെ പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും