ഗവര്‍ണര്‍ പദവി പാഴാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തെളിയിച്ചു: സി പി ഐ

single-img
10 August 2022

ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപ്രസംഗം. ഗവര്‍ണര്‍ പദവി പാഴാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഒരിക്കല്‍കൂടി തെളിയിച്ചു എന്ന് ജനയുഗം ആരോപിച്ചു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടേണ്ട സമയത്ത് അത് ചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ജനയുഗം മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധമായി ബിജെപി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവില്‍ നിന്ന് ശമ്പളം നല്കണമെന്ന് നിർദ്ദേശിച്ച ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണു സി പി ഐയുടെ ആരോപണം. മാത്രമല്ല കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നീക്കാതെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്ന് വാശിപിടിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. എന്നാല്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ് എന്നതിനാല്‍, വാശിക്കൊടുവില്‍ വഴങ്ങേണ്ടിവന്നതും കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കിയതുമെല്ലാം ആരിഫ് മുഹമ്മദ്ഖാന്‍ വന്നതിനുശേഷം നടന്നതാണ്. വായിച്ചില്ലെങ്കിലും അത് സഭാരേഖകളിലുണ്ടാകുമെന്നതിനാല്‍ മുഹമ്മദ്ഖാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യനാകുകയും ചെയ്തു’, മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

കേരളത്തിൽ ബിജെപിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണ് അദ്ദേഹം. ഭരണപ്രതിസന്ധിയാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതെങ്കിലും അതിനു സാധ്യമല്ലെന്നതിനാല്‍ ഭരണ നിര്‍വഹണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നത് എന്നും ജനയുഗം ആരോപിക്കുന്നു.’