എന്തുകൊണ്ടാണ് ഇന്ത്യൻ ചെസ് പ്രേമികളുടെ പ്രിയങ്കരിയായി താനിയ സച്ച്‌ദേവ് മാറുന്നത്?

single-img
9 August 2022

താനിയ സച്ച്‌ദേവ് എന്ന ഡല്‍ഹി സ്വദേശിനിയായ 35കാരി ഇന്ത്യൻ ചെസ് പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയങ്കരിയാണ്. ചെന്നൈയിലെ മാമല്ലപുരത്തെ ലോക ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ എ ടീമംഗമാണ് ഇവർ. ഇന്ത്യയുടെ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ എടീം മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുമ്പോള്‍ താനിയ സച്ച്‌ദേവ് എന്ന ഈ ഡല്‍ഹിക്കാരിയാണ് പ്ലേമേക്കര്‍ റോളില്‍ .

രാജ്യത്തിന്റെ ഭൂരിഭാഗം വിജയങ്ങള്‍ക്കും ടീം കടപ്പെട്ടിരിക്കുന്നത് താനിയയോടാണ്. കരുത്തന്മാരോട് ഏറ്റുമുട്ടിയ റൌണ്ടുകളില്‍ താനിയയുടെ പരിചയ സമ്പന്നതയും മനക്കരുത്തുമാണ് ഇന്ത്യന്‍ ടീമിന് തുണയായത് . ടൂര്ണമെന്റിലാകെ മിന്നും ഫോമിലാണ് ഇന്ത്യയുടെ ഈ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍.

ടൂർണമെന്റിൽ സ്വിസ് സമ്പ്രദായത്തില്‍ ഫിനിഷിങ് പവര്‍ നിര്‍ണായകമായതിനാല്‍ കിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ എ ടീം ഉറ്റുനോക്കുന്നത് അവസാന റൌണ്ടിലെ താനിയയുടെ പ്രകടനമാണ്. അന്താരാഷ്‌ട്ര മാസ്റ്റര്‍, വുമണ്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്നീ ഫിഡെ പട്ടങ്ങള്‍ ഇതിനോടകം നേടിയിട്ടുള്ള താനിയ സച്ച്‌ദേവ് 2006, 2007 വര്‍ഷങ്ങളിലെ ദേശിയ വനിതാ ചെസ്സ് ചാമ്പ്യന്‍ ആണ്.

ഇതോടൊപ്പം തന്നെ, 2007 ല്‍ ഏഷ്യന്‍ വനിതാ ചെസ്സ് കിരീടം, 2016, 2018, 2019 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് വനിതാ ചെസ്സ് കിരീടം എന്നിവയും താനിയ സ്വന്തമാക്കിയിട്ടുണ്ട്. ചെസ് കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയയാണ് താനിയ.