ബിജെപിക്കൊപ്പമില്ല; എന്‍ ഡി എയിൽ നിന്നും പുറത്തുവന്ന് നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്)

single-img
9 August 2022

ബിജെപിയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചുകൊണ്ട് ബിഹാറില്‍ നീണ്ട കാലത്തെ എന്‍ ഡി എയോടൊപ്പമുള്ള മുന്നണി ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്). രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം നടന്നതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. ഇതോടെ ബിഹാറില്‍ ജെ.ഡി.യു- ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന.

സംസ്ഥാന നിയമസഭയിൽ 16 സീറ്റുള്ള പ്രതിപക്ഷത്തിന് ജെ ഡി യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാനാകും. അങ്ങിനെ വന്നാൽ ബിജെപിയുടെ 82 സീറ്റിലേക്കൊതുങ്ങും. കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം, സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുമായുള്ള വിയോജിപ്പ്, ജാതി സെന്‍സസ്, അഗ്‌നിപഥ് പദ്ധതി തുടങ്ങിയവയാണ് ബി.ജെ.പി -ജെ.ഡി.യു ബന്ധം വഷളാക്കിയത്.

മാത്രമല്ല, ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടത് നേതാക്കളും നിതീഷ് കുമാറിനെ അറിയിച്ചിരുന്നു.അതേസമയം നീതീഷ് കുമാറിന്റെ രാജിയ്‌ക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.