ഇന്ത്യ- ചൈന സൈനിക ചര്‍ച്ചയില്‍ ഹോട്ട് ലൈൻ സ്ഥാപിക്കാൻ ധാരണ; ആദ്യഘട്ട ബന്ധം വ്യോമസേനകള്‍ തമ്മിൽ

single-img
9 August 2022

കാശ്മീരിലെ ലഡാക്കിലെ ചുഷൂലില്‍ നടന്ന ഇന്ത്യ- ചൈന പ്രത്യേക സൈനിക ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിൽ ഇരു സേനകളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് തടയാനാണ് ഈ തീരുമാനം.

പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ഇന്ത്യയുടേയും ചൈനയുടേയും വ്യോമസേനകള്‍ തമ്മിലായിരിക്കും ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. .കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ചൈനീസ് വ്യോമസേനയുടെ പ്രകോപനം ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് വ്യോമസേനകളും അടുത്തിടെ സംഘര്‍ഷം രൂപപ്പെട്ടിരുന്നുഅതിന്റെ പിന്നാലെയാണ് ഒരു ഹോട്ട്ലൈനിന്റെ ആവശ്യകത തോന്നിയതെന്ന് സൈനാ ഉറവിടം പറയുന്നു.

ഇവിടെയുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈനയുടെ വ്യോമ പ്രവര്‍ത്തനങ്ങളില്‍ സൈനിക ചര്‍ച്ചയില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു . കഴിഞ്ഞ ആഴ്ചയിൽ ലഡാക്കിലെ ചുഷൂലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന പ്രത്യേക സൈനിക ചര്‍ച്ചയില്‍ വിഷയം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഭാവി ചര്‍ച്ചകളില്‍ ഹോട്ട്ലൈനിന്റെ ഘടനയും നിലയും ഉടൻതന്നെ തീരുമാനിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച നടന്ന പ്രത്യേക സൈനിക ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു മേജര്‍ ജനറലും വ്യോമസേനയില്‍ നിന്നുള്ള എയര്‍ കമ്മഡോറും നേതൃത്വം നല്‍കി. ഇന്ത്യയുടെ വ്യോമസേന (ഐഎഎഫ്) ചൈനയുമായുള്ള ചര്‍ച്ചയുടെ ഭാഗമാകുന്നത് ഇതാദ്യമാണ്.