സംസ്ഥാന സർക്കാരും കേരള ഗവർണറുമായുള്ള പോര് തുടരും

single-img
9 August 2022

സംസ്ഥാന സർക്കാരും കേരള ഗവർണറുമായുള്ള പോര് തുടരും. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ കാലാവധി കഴിയുന്ന 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചതോടെ അവ അസാധുവായി. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവ‍ർണർ ഒപ്പിട്ടാൽ ഇന്നത്തെ തിയതിയിൽ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സർക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കൽ.

രാജ്ഭവന്‍ വഴിയും നേരിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്നനിലയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നടപടിയെ ചുറ്റിപ്പറ്റിയായിരുന്നു അനുനയനീക്കം. റദ്ദാക്കപ്പെടുന്നവയില്‍ ഏഴുപ്രാവശ്യംവരെ പുതുക്കിയ ഓര്‍ഡിനന്‍സുകളുണ്ട്.

ഓ‍ർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് രാവിലെ തന്നെ ഗവർണർ പറഞ്ഞിരുന്നു. ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിലാണ് ഗവർണ്ണർക്ക് കടുത്ത അതൃപ്തി. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട് സർക്കാർ നടപടികൊപ്പം വി സി നിയമനത്തിൽ തന്‍റെ അധികാരം കവരാനുള്ള സർക്കാരിന്‍റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്.