സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

single-img
8 August 2022

സപ്ലൈക്കോയിൽ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഈ കേസിൽ വിചാരണ പുരോഗമിക്കവെയാണ് മജിസ്റ്റീരിയൽ അധികാരമുള്ള ജില്ലാ കളക്ടർ പദവിയിലേക്ക് സർക്കാർ നിയമിച്ചത്. ഇത് വൻ വിവാദമായിരുന്നു.

ഇതേ തുടർന്ന് സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടർ പദവിയിൽ നിന്നും മാറ്റുകയും സപ്ലൈകോ ജനറൽ മാനേജരായി നിയമിക്കുകയുമായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് അറിയിച്ചില്ലെന്നുമുള്ള മന്ത്രി ജി ആര്‍ അനിലിന്റെ പരാതി നിലനിൽക്കെയാണ് സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ച് മന്ത്രി കത്തും നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ വകുപ്പുകളിലെ ഇടപെടലിനെതിരെ ഇതിന് മുൻപും മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നു