വൈദ്യുതി ഭേദഗതി ബില് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; ഭേദഗതിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കും

single-img
8 August 2022

വൈദ്യുത വിതരണമേഖലയിൽ സ്വകാര്യ കമ്പനികൾക്കും അവസരം നൽകുന്ന വൈദ്യുതി ഭേദഗതി ബില് ഇന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. ഇതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ തിങ്കളാഴ്ച പണിമുടക്കും. രാജ്യവ്യാപക പണിമുടക്കിന്‍റെ ഭാഗമായിട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കുന്നത്.

ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് കേന്ദ്രത്തിന്‍റെ സുപ്രധാന ഭേദഗതി. ഇത് നിലവില്‍ വന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് കേരളത്തിന്‍റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാന്‍ കഴിയും.

കർഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിർപ്പ് തുടരുന്നതിനിടെയാണ് ബില് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ച ബിൽ ക്യാബിനറ്റ് അംഗീകരിച്ചിരുന്നു.

ബിൽ നിയമമായാൽ സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാകുമെന്നും കർഷകർക്കും സാധാരണക്കാർക്കുമുള്ള വൈദ്യുതിനിരക്ക് വർദ്ധിക്കുമെന്നുമാണ് വിമർശനം ഉയരുന്നത്. എന്നാൽ ഊർജമേഖലയിൽ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കുമെന്നുമാണ് സർക്കാരിന്റെ വാദം