മങ്കിപോക്‌സ്: കേരളത്തിലെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

single-img
5 August 2022

ഇന്ത്യയിൽ തന്നെ രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കേരളത്തിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വ്യക്തി (31) ഇന്ന് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

നിലവിൽ ഇയാളുടെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി ഇപ്പോൾ മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി യുഎഇയിൽ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയത്.

അതേസമയം, ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന കുടുംബാംഗങ്ങളിലാർക്കും രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. ഈ വ്യക്തിയെ നാളെ ( ശനിയാഴ്ച ) ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യം മങ്കി പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ രണ്ട് മങ്കി പോക്‌സ് ബാധകൾക്കും യൂറോപ്പിലെ വ്യാപനവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ജനിതക പരിശോധനയിലാണ് കണ്ടെത്തിയത്.