സോഷ്യല്‍ മീഡിയ താരം ഹീറോ ആലമിനോട് ഇനി പാട്ടുപാടരുതെന്ന് താക്കീത് ചെയ്ത് പൊലീസ്

single-img
5 August 2022

ധാക്ക: ബംഗ്ലാദേശി സോഷ്യല്‍ മീഡിയ താരം ഹീറോ ആലമിനോട് ഇനി പാട്ടുപാടരുതെന്ന് താക്കീത് ചെയ്ത് പൊലീസ്. ഫേസ്ബുക്കില്‍ ഇരുപത് ലക്ഷവും, യൂട്യൂബില്‍ 15 ലക്ഷത്തോളവും ഫോളോവേഴ്‌സുള്ള ആലമിനെ കുറിച്ച്‌ പരാതികള്‍ കൂടിയതോടെയാണ് നടപടിയെന്ന് ബംഗ്ലാദേശി പൊലീസ് അറിയിച്ചു.

നൊബേല്‍ പുരസ്‌കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ഉള്‍പ്പടെ വിഖ്യാതമായ ഗാനങ്ങള്‍ മോശം രീതിയില്‍ ആലപിച്ചതിനെതിരെ നിരവധി പേരാണ് ആലമിനെതിരെ രംഗത്തെത്തിയത്. പൊലീസ് തന്നെ മാനസികമായി പീഢിപ്പിച്ചുവെന്നും, ക്ലാസിക്കല്‍ ഗാനങ്ങള്‍ പാടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. പാട്ടുകാരനാകാന്‍ താന്‍ യോഗ്യനല്ലെന്ന് പറഞ്ഞ പൊലീസുകാര്‍ മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങി, എന്തിനാണ് ടാഗോറിന്റെയും നസ്‌റുലിന്റെയും കവിതകള്‍ ആലപിക്കുന്നത് എന്ന് ചോദിച്ചു. എട്ടു മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചുനിര്‍ത്തിയെന്നും ആലം ആരോപിക്കുന്നു.

‘ഒരു ഹീറോയെ പോലെയാണ് എന്നെ എനിക്ക് തോന്നുന്നതെന്നും, അതുകൊണ്ടാണ് പേര് ‘ഹീറോ ആലം’ എന്നാക്കിയത്. പൊലീസ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്തുതന്നെയായാലും ഒരിക്കലും ഈ പേര് ഞാന്‍ ഉപേക്ഷിക്കില്ല. ബംഗ്ലാദേശില്‍ ഇപ്പോള്‍ സ്വാതന്ത്ര്യത്തോടെ പാട്ടുപാടാന്‍ സാധിക്കില്ല’, ആലം ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ധാക്ക പൊലീസ് ചീഫ് ഹാറുണ്‍ ഉല്‍ റാഷിദ്, ഗാനങ്ങള്‍ മോശമായ രീതിയില്‍ ആലപിച്ചതിനും, വീഡിയോകളില്‍ അനുവാദമില്ലാതെ പൊലീസ് യൂണിഫോം ധരിച്ചതിനും ആലം മാപ്പു ചോദിച്ചുവെന്ന് പ്രതികരിച്ചു. ‘അയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഗാനത്തിന്റെ പരമ്ബരാഗത ശൈലികള്‍ മുഴുവന്‍ മാറ്റിയായിരുന്നു ആലമിന്റെ ആലാപനം. ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തന്നിട്ടുണ്ട്’, പൊലീസ് ചീഫ് പറഞ്ഞു. ആലമിനോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് വേണ്ടിയാണ് ആലമിന്റെ പരാമര്‍ശങ്ങളെന്നും പൊലീസ് പറഞ്ഞു.