എന്താണ് ശരിയല്ലാത്തത് എന്നതിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ; സിനിമയിലെ തുടക്ക കാലത്തെപ്പറ്റി അമല പോൾ

single-img
5 August 2022

ദീർഘമായ ഇടവേളയ്ക്ക് ശേഷം നടി അമല പോൾ നായികയായെത്തുന്ന കാ‍ഡവർ എന്ന സിനിമ റിലീസിനാെരുങ്ങുകയാണ്. എന്തുകൊണ്ടാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത് എന്നതിനെ പറ്റി സംസാരിക്കുകയാണ് നടി അമല പോളിപ്പോൾ. രണ്ട് വർഷക്കാലം താൻ സിനിമ ചെയ്യാതെ വ്യക്തിപരമായി കുറച്ചു സമയം നീക്കിവെക്കുകയായിരുന്നെന്ന് അമല പോൾ പറയുന്നു.

സിനിമയിൽ വന്നകാലത്തെ പഴയ അമല പോളിൽ നിന്നും ഇതിനുള്ളിൽ താനൊരുപാട് മാറിപ്പോയെന്നും അമല പറയുന്നു. തമിഴ് ചാനലായ സൺ ടിവിയോടായിരുന്നു അമലയുടെ പ്രതികരണം.അമലയുടെ വാക്കുകൾ ഇങ്ങിനെ: ‘രണ്ട് വർഷം ജോലി ചെയ്യാതെ വീട്ടിലിരുന്നപ്പോൾ എന്നേക്കാൾ ആശങ്ക അമ്മയ്ക്കായിരുന്നു. എന്നാൽ എന്നെ സംബന്ധിച്ച് 13 വർഷത്തോളം ഞാൻ‌ വളരെയധികം വർക്ക് ചെയ്തിരുന്നു.

ആ സമയം ഞാൻ സന്തോഷത്തിലായിരുന്നില്ല. ഞാൻ എന്തിനൊക്കെയോ പിന്നാലെ ഓടുകയായിരുന്നു. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക്. ഒരിക്കലും എന്റെ വിജയം ആഘോഷിച്ചിരുന്നില്ല. എന്റെ ഏറ്റവും മോശമായ പങ്കാളി ഞാൻ തന്നെയായിരുന്നു. ആ സമയം എന്റെയൊപ്പം ഞാനില്ല. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു. ഇത് എന്റെ പാഷനായിരുന്നിട്ട് പോലും.

തമിഴ് സിനിമയായ മൈനയ്ക്ക് ശേഷം ഒരുപാട് മാറ്റങ്ങൾ വന്നു. പുറത്തു നിന്നുള്ള കണ്ടീഷനിം​ഗും സമ്മർദ്ദവും മറ്റും. ഞാൻ അതിന് കീഴടങ്ങുകയും ചെയ്തു. അത് എന്റെ പ്രശ്നമായിരുന്നു. ഒരുപക്ഷെ എനിക്ക് ആരോ​ഗ്യകരമായ കുട്ടിക്കാലമായിരുന്നെങ്കിലോ ഒരു മെന്റർ ഉണ്ടായിരുന്നെങ്കിലോ ഞാനത് കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ ഞാനന്ന് ആരോ​ഗ്യകരമായ മാനസികാവസ്ഥയിൽ ആയിരുന്നില്ല. പരാജയങ്ങൾ എന്നെ ബാധിക്കാൻ ഞാനനുവദിച്ചു. എന്താണ് ശരിയല്ലാത്തത് എന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. സമാധാനം ഉണ്ടായിരുന്നില്ല

നേരത്തെയൊക്കെ ഞാൻ നല്ലതല്ലാത്ത സന്ദർഭങ്ങളിൽ പോയി പെടുമായിരുന്നു. തെറ്റായ രീതിയിലെ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. ചുറ്റും ഒരുപാട് കബളിപ്പിക്കലും പ്രശ്നങ്ങളും. അന്നുള്ള എന്നെ എനിക്ക് പരിചയമില്ലാതെയായി. ഈ കാര്യങ്ങളെല്ലാം എങ്ങനെ മാറ്റാൻ പറ്റും. ജീവിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് മരണത്തിലൂടെ പോവാനും പുനർജനിക്കാനും പറ്റുമോ? ഞാനതിലൂടെ കടന്നു പോയിട്ടുണ്ട്’.