ഉത്തർപ്രദേശിലെ ഗോശാലയില്‍ ചത്തത് 50 ലധികം പശുക്കള്‍; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

single-img
5 August 2022

യുപിയിലെ അംരോഹ എന്ന ജില്ലയില്‍ ഹസൻപൂരിലെ ഗോശാലയിൽ 50ലധികം പശുക്കള്‍ ദുരൂഹ സാഹചര്യത്തിൽ ചത്തു. ഇതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെയായിരുന്നു സംഭവം. സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിങ്ങിനോട് അംരോഹയിലെത്താന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

പതിവ് പോലെ കാലിത്തീറ്റ കഴിച്ച് വൈകുന്നേരത്തോടെ പശുക്കൾ രോഗബാധിതരായെന്ന് അംരോഹ ജില്ലാ കലക്ടര്‍ ബി കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സംഭവ സ്ഥലത്തെത്തി പശുക്കളെ ചികിത്സിച്ചു. തൊട്ടു പിന്നാലെ തന്നെ ഗോശാലയിലെ 50ലധികം പശുക്കൾ ചത്തതായി പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ സ്ഥിരീകരിച്ചു.

താഹിർ എന്ന വ്യക്തിയിൽ നിന്നായിരുന്നു ഗോശാല മാനേജ്‌മെന്റ് കാലിത്തീറ്റ വാങ്ങിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ വിധേയമായി ഗോശാലയുടെ ചുമതലയുള്ള വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.