നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി ചൈന

single-img
5 August 2022

അമേരിക്കൻ ഹൗസ് സ്പീക്കറുടെ തായ്‌വാനിലേക്കുള്ള യാത്ര വളരെയേറെ പ്രകോപനംആയിരുന്നതിനാൽ നിയമങ്ങൾക്കനുസൃതമായി പെലോസിക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ചൈനയുടെ കടുത്ത ആശങ്കകളും ഉറച്ച എതിർപ്പും അവഗണിച്ചാണ് പെലോസി സ്വയംഭരണ ദ്വീപിലേക്ക് യാത്ര ചെയ്തതെന്നും അവരുടെ സന്ദർശനം ചൈനയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ഗുരുതരമായി ദുർബലപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

പെലോസിയുടെ ഭർത്താവ്, 82 വയസ്സുള്ള പോൾ പെലോസിക്ക് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ്, വെഞ്ച്വർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് കൺസൾട്ടിംഗ് സ്ഥാപനമുണ്ട്. അവർക്ക് അഞ്ച് കുട്ടികളുണ്ട്, അവരിൽ ഒരാൾ ക്രിസ്റ്റീൻ പെലോസി (56) ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രജ്ഞനാണ്. അവരുടെ ഇളയ മകൾ, 51 വയസ്സുള്ള അലക്‌സാന്ദ്ര, ഒരു ഡസനിലധികം ഡോക്യുമെന്ററികളുള്ള ഒരു ചലച്ചിത്ര നിർമ്മാതാവാണ് ഇവർക്കെല്ലാം ഉപരോധം ബാധകമായിരിക്കും.

പെലോസി തായ്‌പേയിയിലായിരിക്കെ, തായ്‌വാൻ കടലിടുക്കിൽ ചൈനീസ് അധികാരികൾ എക്കാലത്തെയും വലിയ സൈനികാഭ്യാസം പ്രഖ്യാപിക്കുകയും ദ്വീപിൽ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ദ്വീപിന് ചുറ്റുമുള്ള ആറ് സമുദ്ര മേഖലകളിൽ സൈനികാഭ്യാസങ്ങളും ലൈവ്-ഫയർ ഡ്രില്ലുകളും വ്യാഴാഴ്ച ആരംഭിച്ചു, ഇത് ഞായറാഴ്ച വരെ തുടരും.