അണക്കെട്ടുകള്‍ തുറന്നാല്‍ പ്രളയമുണ്ടാകില്ല: റവന്യൂമന്ത്രി

single-img
5 August 2022

ഡാം തുറന്നെന്നുകരുതി പ്രളയമുണ്ടാകില്ലെന്നു റവന്യൂമന്ത്രി കെ.രാജന്‍. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത് എന്നും എല്ലാ മുൻകരുതലും സ്വീകരിച്ചു പടി പടിയായാണ് ഇത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2018 ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് വടക്കന്‍ കേരളം ഇന്ന് ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍വരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ ഉയർത്തിയത്. സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 10 അടി വെള്ളം കൂടുതലാണ്.