സുപ്രീം കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ ജസ്റ്റിസ് യുയു ലളിത്; ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍വി രമണ

single-img
4 August 2022

ഇന്ത്യൻ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എന്‍വി രമണഇതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി. ഈ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ ജസ്റ്റിസ് യുയു ലളിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസായി മാറും. ജസ്റ്റിസ് എന്‍വി രമണ ആഗസ്റ്റ് 26നാണ് വിരമിക്കുന്നത്.

എൻ വി രമണയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി ജസ്റ്റിസ് യുയു ലളിത് മാറും.

നേരത്തെ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്ന അദ്ദേഹത്തെ 2014 ഓഗസ്റ്റ് 13 നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ മൂന്നുമാസമാണ് കാലാവധിയുണ്ടാകുക.നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. ഇന്ത്യൻ രീതി പ്രകാരം നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് ഒരു മാസം മുമ്പ് തന്റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യുന്ന കത്ത് മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കണം.

കേന്ദ്ര നിയമ മന്ത്രാലയം മുഖേനയാണ് കത്ത് രാഷ്ട്രപതിക്ക് കൈമാറുക. സീനിയോറിറ്റി പരിഗണിച്ചാണ് സുപ്രീംകോടതി ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസാക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് നിശ്ചിത കാലാവധിയില്ല.