ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി

single-img
4 August 2022

പേരാവൂര്‍: () കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കണിച്ചാര്‍ പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കല്‍ രാജേഷിന്റെ ഭാര്യ കല്യാണിക്കും മക്കള്‍ക്കും മന്ത്രി പൂളക്കുറ്റി സെന്റ് മേരീസ് ചര്‍ചിലെ ദുരിതാശ്വാസ കാംപിലെത്തി നാല് ലക്ഷം രൂപയുടെ ചെക് കൈമാറി.

മറ്റ് രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് അകൗണ്ട് വഴിയാണ് തുക കൈമാറിയത്. ഉരുള്‍പൊട്ടലുണ്ടായ കണിച്ചാര്‍ പഞ്ചായതിലെ പൂളക്കുറ്റി, കോളയാട് പഞ്ചായതിലെ ചെക്യേരി പ്രദേശങ്ങള്‍, ദുരിതാശ്വാസ കാംപുകള്‍ എന്നിവ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉരുള്‍പൊട്ടലില്‍ രണ്ട് പ്രദേശത്തുമായി 175 കോടിയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് മന്ത്രി പറഞ്ഞു. വിശദമായ കണക്കെടുപ്പ് വിവിധ വകുപ്പുകള്‍ നടത്തിവരുന്നു. പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 75 വീടുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചു. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് പാകേജ് നടപ്പിലാക്കും. ഭാഗികമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കും. ദുരിതാശ്വാസ കാംപുകളില്‍ കഴിയുന്നവര്‍ ഉള്‍പെടെ കെടുതികള്‍ക്ക് ഇരയായവര്‍ക്ക് ഭക്ഷണവും മെഡികല്‍ സൗകര്യവും എത്തിക്കാന്‍ എല്ലാ ഏര്‍പാടുകളും ചെയ്തിട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ പതിച്ചും മണ്ണിടിഞ്ഞും തകര്‍ന്ന നിടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. 28-ാം മൈലില്‍ മൂന്ന് കിലോ മീറ്ററോളം റോഡാണ് തകര്‍ന്നത്. റോഡുകളുടെ അരികുകളും ഇടിഞ്ഞിട്ടുണ്ട്. പാറക്കല്ലുകള്‍ നീക്കുന്നതുള്‍പെടെയുള്ള അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.

നിരവധി ഗ്രാമീണ, പഞ്ചായത് റോഡുകള്‍, പാലങ്ങള്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. വളരെ വേഗത്തില്‍ അവ പുനഃസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. വന്‍ തോതിലാണ് കൃഷി നാശം. ഇതിന്റെ കണക്കെടുപ്പ്് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരം നല്‍കും.

കണിച്ചാര്‍ പ്രദേശത്ത് അപകടകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് സംബന്ധിച്ച്‌ നിയമപരമായും ജനകീയമായുമുള്ള ഇടപെടലുകള്‍ നടത്തും. ജനജീവിതത്തിന് പ്രതികൂലമാകുന്ന ക്വാറികള്‍ക്ക് ആലോചിച്ചു മാത്രമേ അനുമതി നല്‍കാവൂ എന്നും മന്ത്രി പറഞ്ഞു.

പുഴയോരങ്ങള്‍ കൈയേറുന്നത് പരിശോധിച്ച്‌ പഞ്ചായതുകള്‍ നടപടി സ്വീകരിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവരുന്ന എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.