ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

single-img
3 August 2022

മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കരിപ്പൂരില്‍ കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയിന്മേല്‍, ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് 15ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന കാരണത്താല്‍, ഫിറോസ് ഖാന്‍ നഫിയയെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ണിനു പരിക്കേറ്റ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എന്നും പരിശോധനയില്‍ 90 ശതമാനം കാഴ്ച പോയതായി കണ്ടെത്തിയെന്നും നഫിയ വ്യക്തമാക്കി.

കുളിമുറിയിലേക്ക് തോര്‍ത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട ഫിറോസ് ഖാന്‍, തോര്‍ത്ത് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച്‌ ബെല്‍റ്റ് ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ നഫിയയുടെ കണ്ണില്‍ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും, കണ്ണിന്റെ ഞരമ്ബിന് ചതവുണ്ടായെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയുമായിരുന്നു. ഇതേതുടര്‍ന്ന്, ഭര്‍ത്താവിനെതിരെ നഫിയ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

2011ലാണ് കാരാട് തൈത്തൊടി സ്വദേശി ഫിറോസ് ഖാനും കരിപ്പൂരിലെ കൊളത്തൂര്‍ സ്വദേശിനി നഫിയയും വിവാഹിതരായത്. അന്ന് മുതല്‍ വിവിധ കാരണങ്ങള്‍ നിരത്തി ഫിറോസ് ഖാന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഭാര്യയാണെന്ന പരിഗണന പോലും നല്‍കാറില്ലെന്നും നഫിയ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ഭര്‍ത്താവ് ഫിറോസ് ഖാനും ഭര്‍തൃപിതാവ് മുഹമ്മദ്കുട്ടി, ഭര്‍തൃമാതാവ് സഫീയ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഫിറോസ് ഖാനെ കോടതി റിമാന്‍ഡ് ചെയ്തു.