എനിക്കൊരു കെ റെയിലും വേണ്ട; അതുകൊണ്ടുള്ള രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട: ഷാരിസ് മുഹമ്മദ്

single-img
3 August 2022

യൂത്തുകോൺഗ്രസ് ചിന്തിൻ ശിബിരത്തിൽ സംസാരിക്കവെ തന്റെ ആദ്യത്തെ വേദിയല്ല ഇതെന്നും ‘ജന ഗണ മന’ റിലീസ് ചെയ്തതിന് ശേഷം എസ് ഡി പി ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചതായും വെളിപ്പെടുത്തി ജനഗണമന സിനിമയുടെ ത്രിരക്കഥാകൃത്തു ഷാരിസ് മുഹമ്മദ് . താൻ ആ ക്ഷണം നിരസിച്ചതായി അദ്ദേഹം പറഞ്ഞു.

ജനഗണമനയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ചോദിച്ചപ്പോൾ അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ് എന്നായിരുന്നു . അതിൽ നിന്നും താൻ മനസിലാക്കിയ കാര്യം അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ശാരിസ് പറയുന്നു.

അതിനുശേഷം ഫ്രറ്റേണിറ്റിയുടെ നേതാവ് വിളിച്ചതായും അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നും ഷാരിസ് പറഞ്ഞു. “എനിക്കെന്ത് ഇസ്‌ലാമോഫോബിയ?. ഞാന്‍ ചോദിച്ചു എന്തുകൊണ്ട് ഡിജോയെ വിളിച്ചില്ല. അവരും പറഞ്ഞു ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ്. ഇങ്ങനെയൊരു സിനിമയാണോ ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഷാഫി പറമ്പില്‍ വിളിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ സംസാരിക്കാമോ എന്നു ചോദിക്കുന്നത്. ഇക്കാര്യം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് നിന്റെ സിനിമ ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, നീ ഇതിനൊക്കെ പോയാല്‍ ചിലപ്പോള്‍ അടുത്ത തവണത്തെ അവാര്‍ഡിന് നിന്നെ പരിഗണിക്കില്ലെന്ന്.

എംഎസ്എഫിന്റെ ഒരു പരിപാടിക്ക് പോയിട്ട് അവാര്‍ഡ് നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാര്‍ഡ്. തേപോലെ തന്നെ കെ റെയിലിനെക്കുറിച്ച് ഒരു കവിത എഴുതി വിമര്‍ശിച്ചതിന് റഫീക്ക് അഹമ്മദ് സാറിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. ഒരു കവിത എഴുതിയാല്‍ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ അതേ നാട്ടില്‍ ഞാന്‍ ഉറക്കെ പറയുന്നു എനിക്ക് രണ്ട് മണിക്കൂറ് കൊണ്ട് എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകണ്ട. എനിക്ക് ഒരു കെ റെയിലും വേണ്ട രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട.

നമ്മൾ അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും വായുവും ജലവുമൊക്കെയാണ്. ഈ രാജ്യത്ത് പൈസ കൊടുത്താല്‍ അരിയും മണ്ണെണ്ണയും മാത്രമല്ല സര്‍ക്കാരിനെയും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന കാലമാണിത്. വിദ്യാര്‍ത്ഥി സംഘടനകളെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നും ഷാരിസ് പറയുന്നു.