അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ അമേരിക്ക കൊലപ്പെടുത്തിയതെങ്ങനെ?

single-img
2 August 2022

അൽ-ഖ്വയ്ദ സ്ഥാപകനായ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദി ഗ്രൂപ്പിന് ലഭിച്ച ഏറ്റവും വലിയ പ്രഹരമാണ് അയ്മാൻ അൽ സവാഹിരിയുടെ മരണം. വർഷങ്ങളായി ഒളിവിലായിരുന്ന സവാഹിരിയെ കണ്ടെത്താനും കൊല്ലാനുമുള്ള ഓപ്പറേഷൻ തീവ്രവാദ വിരുദ്ധ ഇന്റലിജൻസ് വിഭാഗത്തിന്റെ “ശ്രദ്ധയോടെയുള്ള ക്ഷമയും നിരന്തരവുമായ” പ്രവർത്തനത്തിന്റെ ഫലമാണെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഓപ്പറേഷനെ കുറിച്ച് അമേരിക്ക നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.

നിരവധി വർഷങ്ങളായി, സവാഹിരിയെ പിന്തുണയ്ക്കുന്ന ഒരു ശൃംഖലയെക്കുറിച്ച് സി ഐ എക്കു അറിയാമായിരുന്നു. കഴിഞ്ഞ വര്ഷം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനെത്തുടർന്ന്, അവിടെ അൽ-ഖ്വയ്ദയുടെ സാന്നിധ്യം നിരീക്ഷിച്ചുവരികയായിരുന്നു.

ഈ വർഷം ആദ്യം, സവാഹിരിയുടെ കുടുംബം – അദ്ദേഹത്തിന്റെ ഭാര്യ, മകൾ, അവളുടെ കുട്ടികൾ – കാബൂളിലെ സുരക്ഷിതമായ ഒരു വീട്ടിലേക്ക് താമസം മാറിയതായി സി ഐ എക്കു വിവരം ലഭിച്ചു, തുടർന്ന് അതേ സ്ഥലത്ത് സവാഹിരിയുടെ സാനിധ്യവും ശ്രദ്ധയിൽ പെട്ടു.

തുടർന്നുള്ള ഏതാനും മാസങ്ങൾക്കുള്ളിൽ, കാബൂളിലെ സേഫ് ഹൗസിൽ സവാഹിരിയെ കൃത്യമായി സി ഐ എ തിരിച്ചറിഞ്ഞു. ഇതേ തുടർന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പ്രസിഡന്റ് ജോ ബൈഡനെ വിവരമറിയിച്ചു.

കൂടുതൽ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും സവാഹിരിയെ വധിക്കാനുള്ള മികച്ച പ്ലാൻ ജൂലൈ 1 ന്, സിഐഎ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെടെയുള്ളവർ വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ വെച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചു.

ജൂലൈ 25 ന്, പ്രസിഡന്റ് തന്റെ പ്രധാന കാബിനറ്റ് അംഗങ്ങളെയും ഉപദേശകരെയും വിളിച്ച് അന്തിമ ബ്രീഫിംഗ് സ്വീകരിക്കുകയും സവാഹിരിയെ കൊല്ലുന്നത് താലിബാനുമായുള്ള അമേരിക്കയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയും, തുടർന്ന് “കൃത്യമായ ഒരു വ്യോമാക്രമണത്തിന്” അംഗീകാരം നൽകുകയുമായിരുന്നു.

ഒടുവിൽ ET (0148 GMT) ജൂലൈ 30, 9:48 -മണിക്ക് അമേരിക്കയുടെ ഡ്രോൺ “hellfire” എന്ന് വിളിക്കപ്പെടുന്ന മിസൈലുകൾ ഉപയോഗിച്ച് അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ വധിക്കുകയായിരുന്നു.