കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

single-img
1 August 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പത്തനംതിട്ട കൊല്ലമുള പലവകക്കാവില്‍ അദ്വൈദ്(22) എന്ന യുവാവും കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനുമാണ് മരിച്ചത്.

ശക്തമായ മഴയേത്തുടര്‍ന്ന് കൈത്തോട്ടില്‍ വെള്ളം ഉയരുകയും അദ്വൈദ് ഒഴുക്കില്‍ പെടുകയുമായിരുന്നു. അദ്വൈതും സുഹൃത്ത് സാമുവേലും ഒഴുക്കില്‍ പെടുകയും സാമുവേല്‍ രക്ഷപ്പെടുകയുമായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ അദ്വൈതിന്റെ മൃതദേഹം കണ്ട് കിട്ടി. ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്ക് ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട ജില്ലയില്‍ മലയോര മേഖലയില്‍ മഴ ശക്തമാണ്. പമ്ബ, അച്ചന്‍കോവില്‍ , കക്കാട് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. അടിയന്തിര സാഹചര്യം നേരിടുന്നതിനായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൊല്ലമുള മരുതി മൂട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ മൂന്ന് വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് അച്ചന്‍കോവിലില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേ‍‍ര്‍പ്പെടുത്തി. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണ്‍ വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെ അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു. സര്‍വകലാശാലയടക്കം മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. നാളെ രാവിലെ 7 വരെ കര്‍ശന ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. രാത്രിയാത്ര നിയന്ത്രണം വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെയാണ്.