യുഎഇയിൽ റെക്കോർഡ് മഴ; ഫുജൈറയിൽ മാത്രം പെയ്തത് 234.9 മില്ലീമീറ്റർ മഴ

single-img
30 July 2022

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് റെക്കോർഡ് മഴയെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഫുജൈറയിൽ തിങ്കളാഴ്ച രാത്രി 10.30 മുതൽ വ്യാഴാഴ്ച രാവിലെ 9.18 വരെ 234.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ഷാർജ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ആണ് വ്യാപക മഴക്കെടുതി റിപ്പോർട്ട് ചെയ്തത്. ശക്തായ മഴയിൽ വെള്ളം കയറി ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ 800ലേറെ താമസക്കാരെ സൈന്യത്തിന്റെയും ദ്രുതകർമസേനയുടെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി താമസിപ്പിച്ചു. ഷാർജയിലും ഫുജൈറെയിലുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് 3900ലേറെ മാറ്റിപ്പാർപ്പിച്ചു. ട്രക്കുകളിലും ബോട്ടുകളിലുമെത്തിയാണ് സൈന്യത്തിന്റെയും ദ്രുതകർമസേനയുടെയും രക്ഷാപ്രവർത്തനം.

ഒമാൻ അതിർത്തിയോടു ചേർന്ന റാസൽഖൈമ മേഖലകൾ ഏറെക്കുറെ ഒറ്റപ്പെട്ടതായാണ് വിവരം. മലയോര മേഖലകളിൽ മണ്ണും പാറക്കഷണങ്ങളും റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ വെള്ളം കയറി മുങ്ങി. മലയോരങ്ങളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഖോർഫക്കാനിലേക്കുള്ള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചതായി പൊലീസ് അറിയിച്ചു